വി. മുരളീധരന്
(കേന്ദ്ര വിദേശകാര്യ സഹമന്ത്രി)
ജനകീയന്‍ എന്ന വിശേഷണത്തിന് ഇന്ന് കേരളത്തില്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് സുരേന്ദ്രന്. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കെ. സുരേന്ദ്രനിലേക്ക് സംസ്ഥാന അധ്യക്ഷ പദവിയെത്തുന്നത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ്. എബിവിപിയുടെ യൂണിറ്റ് സെക്രട്ടറിയില്‍ തുടങ്ങി, ഇപ്പോള്‍ ബിജെപിയുടെ കേരളത്തിലെ അധ്യക്ഷപദവിയിലേക്കെത്തിയ സുരേന്ദ്രന് പിന്നിട്ട വഴികളിലൊന്നും കുറുക്കുവഴികള്‍ സ്വീകരിച്ചിട്ടില്ല. ജനകീയ പ്രശ്നങ്ങളിലിടപെട്ടും വിശ്വസിക്കുന്ന ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുമാണ് പാര്‍ട്ടിയുടെ പദവികളിലേക്കദ്ദേഹം എത്തിയത്.
എബിവിപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുരേന്ദ്രന് എനിക്ക് കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സ്വന്തം സഹോദരനാണ്, കുടുംബാംഗമാണ്. വിദ്യാര്‍ഥി പരിഷത് പ്രവര്‍ത്തന കാലത്തും സുരേന്ദ്രന് പോരാളിയായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്ന് നയിച്ചു. ആ സമരവീര്യം ഇന്നും കെടാതെ സൂക്ഷിക്കുന്നു.
കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷക കുടുംബത്തില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും ഇളയ മകനായി ജനിച്ച കെ. സുരേന്ദ്രന് ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളുടെ മകനും സഹോദരനും ഒക്കെയാണ്. വിശ്വാസ സംരക്ഷണത്തിനും ദേശീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്വാര്‍ത്ഥ താത്പര്യങ്ങളില്ലാതെ നില്ക്കുന്ന, ഇരട്ടത്താപ്പിനെയും അഴിമതിയെയും തുറന്നു കാട്ടുന്ന സുരേന്ദ്രനെ മലയാളികള്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ഇടത് സര്‍ക്കാരിന്റെ വിശ്വാസികള്‍ക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്നതിന് എത്ര കേസുകള്‍ ചുമത്തിയിട്ടും പിന്‍വാങ്ങാത്ത ചങ്കുറപ്പും നിശ്ചയദാര്‍ഢ്യവുമാണ് കെ.എസ്. എന്ന രണ്ടക്ഷരത്തെ ജനഹൃദയങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. പിണറായി സര്‍ക്കാര്‍ ജയിലിലടച്ചിട്ടും അദ്ദേഹം തന്റെ നിലപാടിലുറച്ചു നിന്നു.
കെ.ജി. മാരാര്‍ജിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി സുരേന്ദ്രന് മാറിയത്. യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന് സമര പോരാട്ടങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരായ സമരം, വാളയാറിലെ കുഞ്ഞുങ്ങള്‍ക്ക് നീതി തേടിയുള്ള പോരാട്ടം… സുരേന്ദ്രന് ഇന്ന് കേരളത്തിന്റെ സമര നായകനാണ്.
മഞ്ചേശ്വരവും കാസര്‍കോടും കടന്ന്, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍, പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാനും, നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്പതിനായിരത്തോളം വോട്ട് നേടി കരുത്ത് കാട്ടാനും കഴിഞ്ഞ സുരേന്ദ്രന്റെ യുവ നേതൃത്വം സംസ്ഥാന ബിജെപിയെ ബഹുദൂരം മുന്നിലെത്തിക്കുമെന്നതില്‍ ഒരു സംശയവുമില്ല. അതിന്റെ ഫലം, വരും നാളുകളില്‍ കേരളത്തിന് ദര്‍ശിക്കാനും അനുഭവിക്കാനുമാകും. കേരളത്തിന്റെ കാവലാളായി കൂടെയുണ്ടാകും കെഎസ് എന്ന കരുത്തന്. എന്റെ പ്രിയഅനുജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: