1921ല്‍ ഭാരതത്തിന്റെയാകെ മനസ്സാക്ഷിയെ നടുക്കിയ മാപ്പിള ലഹളയുടെ നൂറ്റാണ്ട് തികയുന്നതിന്റെ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ”21ല്‍ ഉറയില്‍ നിന്നൂരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല” എന്ന പോര്‍വിളിയുമായി പണ്ടത്തെ ലഹള മേഖലകളിലാകെയും കോഴിക്കോട്ടു നഗരത്തിലും ഹാലിളക്കം കൊണ്ടെന്നപോലെത്തെ ആക്രോശങ്ങളുടെ അകമ്പടിയോടെ പ്രകടനങ്ങള്‍ നടന്നതായ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളിലും ടിവി ചാനലുകളിലും നവമാധ്യമങ്ങളിലും സമൃദ്ധമായി കാണാന്‍ കഴിയുന്നുണ്ട്. ഭാരതവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു വിഷയത്തെ-ഖിലാഫത്തിനെ-ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തതു സ്വാതന്ത്ര്യസമരത്തില്‍ ചേരാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിക്കുമെന്ന വ്യാമോഹത്തില്‍ മഹാത്മാഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗം നേതാക്കള്‍ ഉപയോഗിച്ചതിന്റെ ഒരു ദുരന്തമായിരുന്നു മാപ്പിള ലഹള.
ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി ജര്‍മന്‍ ഭാഗത്തു ചേര്‍ന്ന തുര്‍ക്കി സാമ്രാജ്യത്തെ യുദ്ധാവസാനത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ പിരിച്ചുവിടുകയും, സാമ്രാജ്യത്തിനെതിരെ പാശ്ചാത്യ സമ്പ്രദായത്തിലുള്ള ഭരണവും മറ്റും സ്ഥാപിക്കാന്‍ പ്രക്ഷോഭം നയിച്ച യുവതുര്‍ക്കി നേതാവ് മുസ്തഫാ കെമാല്‍ പാഷയെ അധികാരത്തില്‍ വരാന്‍ സഹായിക്കുകയും ചെയ്തു. ലോക മുസ്ലിങ്ങളുടെയാകെ മതനേതൃത്വമായ ഖലീഫാ സ്ഥാനം വഹിച്ചിരുന്ന സുല്‍ത്താനെ പുറത്താക്കി ആ സ്ഥാനംതന്നെ കെമാല്‍ പാഷ ഇല്ലാതാക്കി. അദ്ദേഹത്തിന് ബ്രിട്ടീഷ് സാമ്രാജ്യ നേതൃത്വം പൂര്‍ണ പിന്തുണ നല്കി. കെമാല്‍ പാഷയാകട്ടെ തുര്‍ക്കിയെ ആധുനിക പാശ്ചാത്യ രാജ്യമായി പ്രഖ്യാപിക്കുകയും, തുര്‍ക്കി ഭാഷയ്ക്ക് അറബി ലിപി വേണ്ടെന്നു വയ്ക്കുകയും ചെയ്തു.
ഖാലിഫ് സ്ഥാനം ഇല്ലാതായതോടെ അതു പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ മുസ്ലിങ്ങളെ ബ്രിട്ടനെതിരെ അണിനിരത്താനുള്ള അവസരമായി കോണ്‍ഗ്രസ്സ് നേതൃത്വം കാണുകയും, അതിനായി ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് ആരംഭിക്കാനിരുന്ന നിസ്സഹകരണ സമരത്തില്‍, ഖിലാഫത്ത് കൂടി ഒരു വിഷയമാക്കിയാല്‍ മുസ്ലിങ്ങളുടെ പരിപൂര്‍ണ സഹകരണം ഉറപ്പാകുമെന്ന് ഗാന്ധിജിയും മറ്റും കരുതി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും സംയുക്ത പ്രചാരണത്തിനായി ഗാന്ധിജിയും ഷൗക്കത്തലിയും 1920 ആഗസ്റ്റില്‍ കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു.
ഏതായാലും ബ്രിട്ടീഷ് ഭരണമവസാനിച്ച് ഖിലാഫത്ത് ഭരണം വരുമെന്ന് കിനാവുകണ്ട മലബാറിലെ മുസ്ലിങ്ങള്‍ ടിപ്പു സുല്‍ത്താന്‍ മലബാര്‍ ഭരിച്ച കാലം വീണ്ടും വരുത്താന്‍ ആശിച്ചു കഴിഞ്ഞു തുടങ്ങി. 1921 ആഗസ്റ്റ് 19ന് ആരംഭിച്ച ലഹള കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നീ (അന്നത്തെ) താലൂക്കുകളെ ഏതാണ്ട് മുഴുവനായും ഗ്രസിച്ചു കഴിഞ്ഞിരുന്നു. അതു സംബന്ധമായ വിശദ വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്. ലഹള പ്രദേശത്തെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും സംബന്ധിച്ചു ഹൈദരുടെയും ടിപ്പുവിന്റെ ആക്രമണ കാലത്തെ അത്രതന്നെ ക്രൂരവും പൈശാചികവുമായ അനുഭവമാണ് നല്‍കിയത്. എത്ര ആയിരം പേര് കൊല്ലപ്പെട്ടുവെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. എത്ര പേരെ ബലം പ്രയോഗിച്ച് മാര്ക്കംകൂട്ടിയെന്നും അറിവില്ല. ശുദ്ധിക്രിയയിലൂടെ അയ്യായിരത്തിലേറെപ്പേരെ വീണ്ടെടുത്തുവെന്ന് ആര്യസമാജ പ്രവര്‍ത്തകര്‍ പറയുന്നു.
ഭാരതം മുഴുവന്‍ നടുക്കത്തോടെയാണ് ലഹളയെ സംബന്ധിച്ച വിവരങ്ങള്‍ കേട്ടത്. ഇന്നത്തെപ്പോലെ തത്സമയ വാര്‍ത്താ വിനിമയ സൗകര്യങ്ങളോ റേഡിയോ, ടിവി, വാട്സ് ആപ് തുടങ്ങിയവയോ ഇല്ലാതിരുന്ന അക്കാലത്ത് പത്രങ്ങള്‍പോലും വ്യാപകമായിരുന്നില്ല. ലഹളയുടെ നൂറ്റാണ്ട് ആഘോഷിക്കാന്‍ മുസ്ലിം സംഘടനകളും ഇസ്ലാമിക ചിന്താ വിപ്ലവക്കാരുമൊക്കെ തീവ്രമായ തയാറെടുപ്പുകള്‍ നടത്തി വരുന്നുണ്ട്. അവരുടെ ‘ഗവേഷണ’ കണ്ടുപിടിത്തങ്ങള്‍ പുറത്തുവരുന്നുമുണ്ട്. ലഹളയുടെ 50-ാം വാര്‍ഷികക്കാലത്ത് ലഹള വ്യാപിച്ചിരുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു മുസ്ലിം ഭൂരിപക്ഷ ജില്ല രൂപീകരിക്കുന്നതിന് സിപിഎം-സിപിഐ സഹായത്തോടെ അവരോടൊപ്പം ഭരണത്തില്‍ പങ്കാളിയായിരുന്ന മുസ്ലിംലീഗിന് കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധി സമയത്ത് ഈ പ്രദേശത്തെ മാപ്പിളസ്ഥാനായി പ്രഖ്യാപിക്കണമെന്ന പ്രമേയം മദിരാശി നിയമസഭയില്‍ ഒരു മുസ്ലിം അംഗം അവതരിപ്പിച്ചതും, അതു നിരാകരിക്കപ്പെട്ടതും ചരിത്ര രേഖയാണ്. പാക്കിസ്ഥാന്റെ പിതാവായ സാക്ഷാല്‍ മുഹമ്മദലി ജിന്ന തന്നെ മലബാര്‍ ലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മെയലിന് അയച്ച കത്ത് അക്കാലത്തു പത്രങ്ങളില്‍ വന്നിരുന്നു. തല്ക്കാലം മലബാറില്‍ മാപ്പിളസ്ഥാന് രൂപീകരിക്കുക, ഉചിതമായ സമയം വരുമ്പോള്‍ അതിനെ പാക്കിസ്ഥാനില്‍ ചേര്‍ക്കാമെന്ന ജിന്നയുടെ വാക്കുകള്‍ അതിന്റെ ഭാഗമാണ്.
മാപ്പിള ലഹളക്കാലത്ത് മലബാറില്‍ അദ്ഭുതകരമായ തോതില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആര്യസമാജ പ്രവര്‍ത്തനങ്ങളെപ്പറ്റി, സമാജത്തിന്റെ പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍ ലാഹോര്‍ വിഭാഗത്തിന്റെ വകയായി പ്രസിദ്ധീകരിക്കപ്പെട്ട ‘മലബാറും ആര്യസമാജവും’ എന്ന ഹിന്ദി പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. വെള്ളിനേഴിയിലെ ആര്യസമാജം പ്രചാരക് കെ.എം. രാജന് അയച്ചുതരികയുണ്ടായി. പഴയ മലബാറിന്റെ ഡെപ്യൂട്ടി കളക്ടറായിരുന്ന സി. ഗോപാലന് നായര്‍ 1923ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘മാപ്പിള റിബല്യന്’ 1921 എന്ന പുസ്തകവും അദ്ദേഹം അയച്ചു തന്നത് മലയാളത്തിലാക്കിയത് രാജന് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
മലബാറിനെക്കുറിച്ചുള്ള സാമാന്യ വിവരങ്ങളും ചരിത്രവും മറ്റും പുസ്തകത്തില്‍ ഉണ്ട്. 1921 ആഗസ്റ്റ് 19ന് മലബാറില്‍ ലഹള ആരംഭിച്ചതിനെക്കുറിച്ച്, പഞ്ചാബിലും സിന്ധിലും ബലൂചിസ്ഥാനിലുമൊക്കെ വളരെ അവ്യക്തമായ വിവരങ്ങളേ ലഭിച്ചിരുന്നുള്ളൂ. ആര്യസമാജത്തിന്റെ ആസ്ഥാനമായിരുന്ന ലാഹോറിലെ പത്രങ്ങളില്‍നിന്ന് ലഹളയുടെ വിവരങ്ങള്‍ വായിച്ചറിഞ്ഞെങ്കിലും യാഥാര്‍ത്ഥ്യം മുഴുവന്‍ അറിയാന്‍ പ്രയാസമായി. ബോംബെയിലെ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശേഖരിച്ച് പഞ്ചാബിലെ ആര്യസമാജത്തലവന് ലാലാ ഹന്സരാജിനെ അയയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും സിംലയിലെത്തി (അപ്പോള്‍ വൈസ്രോയി അവിടെയായിരുന്നു) അവിടെയുണ്ടായിരുന്ന മദിരാശിയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ മനസ്സിലാക്കി. മലബാറിലെ ഹിന്ദുക്കള്ക്ക്ആശ്വാസം പ്രദാനം ചെയ്യാന്‍ അവിടെ ചെന്ന് പരിശ്രമിക്കാന്‍ ലാഹോറില്‍ ചേര്‍ന്ന പ്രതിനിധിസഭയുടെ സമിതി രൂപീകരിച്ചു. പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, കാണ്‍പൂര്‍, ലഖ്നൗ മുതലായ സ്ഥലങ്ങളില്‍ സഹായത്തിനായി ആളെ നിയോഗിച്ചു. മലബാര്‍ പഞ്ചാബില്‍നിന്ന് വളരെ ദൂരെയായതിനാല്‍ അവിടത്തെ (ലാഹോറിലെ)ഹിന്ദുക്കളുടെ ഹൃദയം ഇളക്കാന്‍ പ്രയാസമായി. ആദ്യ പ്രതിനിധി സഭ ഒടുവില്‍ ഔപചാരികമായിത്തന്നെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നിശ്ചയിക്കുകയും, അതിനായി നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 1921 നവംബര്‍ 3 ന്, അതുവരെ പിരിച്ചെടുത്ത 381 രൂപയുമായി പണ്ഡിത് ഋഷിറാംജി കോഴിക്കോട്ടേക്കു പുറപ്പെട്ടു.
അന്നു നിലവില്‍ വന്നിരുന്ന റിലീഫ് കമ്മിറ്റിയോട് സഹകരിച്ചാണ് ഋഷിറാംജി തുടങ്ങിയത്. ഓരോ ഗ്രാമത്തിലും അനവധി ഹിന്ദുക്കള്‍ വാള്‍മുനയില്‍ മാര്‍ക്കം കൂട്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഋഷി റാംജി, അത്തരക്കാരെ ശുദ്ധിക്രിയയിലൂടെ ഹിന്ദുധര്‍മത്തിലേക്കു തിരിയെ കൊണ്ടുവരാന്‍ നിര്‍ദ്ദേശം വച്ചു. അതിന് എതിര്‍പ്പു വന്നതു ഹിന്ദുക്കളില്‍ നിന്നുതന്നെയായിരുന്നു. ഋഷിറാംജിക്കു പിന്നാലെ സാവന്‍ മല്‍ജി, ലാലാ ഖുശ്ഹാല്‍ ചന്ദ്ജി, പണ്ഡിത് മസ്താന് ചന്ദ്ജി തുടങ്ങിയവരുമെത്തി.
ശുദ്ധികര്മത്തെ എതിര്‍ത്തവര്‍ ഹിന്ദു ഉയര്‍ന്ന ജാതിക്കാര്‍ തന്നെയായിരുന്നു. അതിന് ആര്യസമാജ പ്രവര്‍ത്തകര്‍ മിതവാദി കൃഷ്ണന് വക്കീലിന്റെ സഹായത്തോടെ കോടതിയില്‍ നിന്നുതന്നെ അനുവാദം നേടി. ലഹള ഭീഷണമായി നടമാടിയ ഗ്രാമങ്ങളില്‍ ദിവസേന 15-20 കി.മീ. നടന്നാണ് അവര്‍ ചെന്നെത്തിയത്. അവിടത്തെ ദയനീയവും ഹൃദയഭേദകവുമായ കാഴ്ചകള്‍ അവര്‍ വിവരിക്കുന്നുണ്ട്. ശുദ്ധിക്രിയയിലൂടെ സ്വധര്‍മത്തിലേക്കു തിരിച്ചെത്താനുള്ള മാര്ക്കംകൂട്ടപ്പെട്ടവരുടെ ആകാംക്ഷ പച്ചയായി അദ്ദേഹം നല്‍കുന്നുണ്ട്. കാച്ചിയും കുപ്പായവും ധരിച്ചുനിന്ന ഒരു പെണ്‍കുട്ടിയോട് സ്വമതത്തില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നോ എന്ന് അന്വേഷിച്ചപ്പോള്‍, സമ്മതിക്കുകയും കുപ്പായം ഊരാന്‍ വിഷമമായപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ചു വലിച്ചുകീറിയെറിയുകയും ചെയ്തുവെന്ന് വിവരിക്കുന്നു.
കണ്ണമംഗലത്തെ ഒരു വമ്പിച്ച ഇല്ലം കൊള്ളയടിക്കപ്പെട്ട് അലങ്കോലമായിക്കിടക്കുന്നത് ലാലാ ഖുശ് സന്ദ്ലാല്‍ കണ്ടു. ഇല്ലത്തിന്റെ നിര്‍മിതി അദ്ദേഹത്തെ അമ്പരിപ്പിച്ചു. അവിടത്തെ വിശാലമായ ഗ്രന്ഥപ്പുര മുഴുവന്‍ നാമാവശേഷമായിരുന്നു. അകത്തളത്തിലാകെ കത്തിയതും കരിഞ്ഞതുമായ താളിയോലകള്‍ ചിതറിക്കിടന്നിരുന്നു. അമൂല്യങ്ങളായ സംസ്കൃത, മലയാള ഗ്രന്ഥങ്ങളുടെ ഭാഗങ്ങളായിരുന്നു അവ. ഏതാനും ഓലകള്‍ ഓര്‍മയ്ക്കായി ലാലാ ഖുശ് ഹാല് സന്ദ്ജി എടുത്തു വൃത്തിയാക്കി. മലബാറില്‍നിന്ന് മടങ്ങിയപ്പോള്‍ ലാഹോറിലേക്കു കൊണ്ടുപോയി ആര്യ പ്രതിനിധിസഭാ ആസ്ഥാനത്ത് പ്രദര്‍ശന വസ്തുവായി സൂക്ഷിച്ചു. 1947-ല്‍ ഭാരതം വിഭജിക്കപ്പെട്ടപ്പോള്‍ പതിനൊന്നാം മണിക്കൂറിലായിരുന്നു ലാഹോര്‍ വിട്ടുകൊടുക്കാന്‍ നെഹ്റു സമ്മതിച്ചത്. ആര്യസഭാ ആസ്ഥാനത്തെ രേഖകള്‍ ചാക്കുകളില്‍ കെട്ടി, വാഹനമില്ലായ്കയാല് തലച്ചുമടായിട്ടാണ് അതിര്‍ത്തി കടത്തി കൊണ്ടുവന്നത്. മുഴുവന്‍ രക്ഷപ്പെടുത്തുന്നതിനു മുന്‍പ് ആ മന്ദിരം മുസ്ലിംലീഗുകാര്‍ തീവച്ചു ചാമ്പലാക്കി.
1921 ല്‍ മലബാറില്‍ മാപ്പിള ലഹളക്കാലത്ത് ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അതിന്റെ വാര്‍ത്ത വായിച്ചറിഞ്ഞ് ആശ്വാസവും സഹായവുമായി പാഞ്ഞെത്തിയത് ലാഹോറിലെയും ബലൂചിസ്ഥാനിലെയും സിന്ധിലെയും ഹിന്ദുക്കളായിരുന്നു. ആ പ്രദേശങ്ങളൊക്കെ 1947ല്‍ പാക്കിസ്ഥാനിലായി. 1937ലെ തെരഞ്ഞെടുപ്പില്‍ സിന്ധും ബലൂചിസ്ഥാനും ലീഗിനെ തോല്‍പ്പിച്ചിരുന്നു. ബലൂചിസ്ഥാനാകട്ടെ പാക്കിസ്ഥാനില്‍ ചേരാനിഷ്ടമില്ലെന്നു ജനഹിത പരിശോധനയില്‍ വ്യക്തമാക്കിയിട്ടും ബലംപ്രയോഗിച്ച് ചേര്‍ക്കപ്പെട്ടു. ഇന്നും അവര്‍ പാക്കിസ്ഥാനില്‍നിന്നു മോചനം മോഹിക്കുന്നു. ഇവിടെയാകട്ടെ, പാക്കിസ്ഥാന് രൂപീകരിക്കാനായി ഭാരത വിഭജനക്കരാറില്‍ ഒപ്പുവച്ച കോണ്‍ഗ്രസ്സ് നേതൃത്വവും, ഇന്ത്യയെ 16 രാഷ്ട്രങ്ങളാക്കണമെന്നു വാദിച്ച കമ്യൂണിസ്റ്റുകാരും, പത്തണയ്ക്കു കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന് എന്ന് ആക്രോശിച്ചവരും ചേര്‍ന്ന് ഇനിയും പാക്കിസ്ഥാനില്‍ നിന്നുവരുന്ന മുസ്ലിങ്ങള്‍ക്കും പൗരത്വം കൊടുക്കാന്‍ ആവശ്യപ്പെടുന്നു!! ”21ല്‍ ഊരിയ വാള് ഉറയിലിട്ടിട്ടില്ല, അറബിക്കടലില്‍ എറിഞ്ഞിട്ടില്ല” എന്നും ആക്രോശിക്കുന്നു. ബലൂചിസ്ഥാനിലെ ഹിന്ദുക്കളുടെ കണ്ണീരൊപ്പാന്‍ മലബാറിലെ ഹിന്ദുക്കള്‍ക്ക് കടപ്പാടില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: