കാഞ്ഞങ്ങാട്: ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിന് ഉച്ചയ്‌ക്ക് 2.30ന് കോട്ടച്ചേരിയില്‍ നിന്നും പൊതുസമ്മേളന വേദിയായ കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്തേക്ക് ശോഭായാത്ര നടക്കും.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതു സമ്മേളനം മുന്‍ കേരള പിഎസ്‌സി ചെയര്‍മാന്‍ പ്രൊഫ. കെ. എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ. സി. പൈതല്‍ അദ്ധ്യക്ഷത വഹിക്കും. ആനന്ദാശ്രമം സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
കേരള വനവാസി വികാസ കേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന്‍, അഖിലഭാരതീയ കല്യാണാശ്രമം മാര്‍ഗ ദര്‍ശക് സോമയ്യാജുലു, ആര്‍എസ്എസ് മംഗലാപുരം വിഭാഗ് സംഘചാലക് ഗോപാല്‍ ചെട്ടിയാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വിനര്‍ പി. കൃഷ്ണന്‍ ഏച്ചിക്കാനം, കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന മഹിളാ സമിതി പ്രസിഡന്റ് ശാന്തകുമാരി ടീച്ചര്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ. ശശിധര ഐഎഎസ്, കേരള വനവാസി വികാസ കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ. ദാമോദരന്‍ ആര്‍ക്കിടെക്റ്റ് തുടങ്ങിയവര്‍ സംബന്ധിക്കും.
ചടങ്ങില്‍ വനവാസി സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ ആദരിക്കും. ഫെബ്രുവരി രണ്ടിന് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന സഭയില്‍ അഖിലഭാരതീയ കല്യാണാശ്രമം മാര്‍ഗ ദര്‍ശക് സോമയ്യാജുലു പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ കെ. ശശിധര ഐഎഎസ്, ആര്‍ക്കിടെക്റ്റ് കെ. ദാമോദരന്‍, പി. കൃഷ്ണന്‍ ഏച്ചിക്കാനം, കെ.നാരായണന്‍, ഷിബു പാണത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















