നാട്ടകം: ഗവ. പോളി ടെക്‌നിക്കില്‍ എസ്എഫ്‌ഐ അക്രമി സംഘവും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. തടയാനെത്തിയ പോലീസിന് നേരെയും കയ്യേറ്റശ്രമം. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കോളേജില്‍ എസ്എഫ്‌ഐ അക്രമണം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച ആര്‍ട്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ചയും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഉച്ചയ്‌ക്ക് കോളേജ് അടച്ചു. ഇന്നലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തിയിരുന്നു. ഒരുമണിയോടെ മുകളില്‍ രണ്ടാം ബ്ലോക്കില്ലാണ് വാക്കേറ്റത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായത്. കോളേജിന് മുന്നിലേക്ക് അക്രമം വ്യാപിച്ചതോടെ കൂടുതല്‍പോലീസ് സ്ഥലത്തെത്തി. ലാത്തിവീശിയതോടെയാണ് പോലീസിന് നേരെ എസ്എഫ്‌ഐക്കാര്‍ തിരിഞ്ഞത്.
പുറത്തുനിന്ന് പാര്‍ട്ടി അനുഭാവികളും നേതാക്കളും ക്യാമ്പസിലെത്തി. അക്രമം തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കുനേരെ നേതാക്കളും കയ്യേറ്റത്തിന് മുതിര്‍ന്നു. രണ്ടാഴ്ച മുന്‍പ് സമാന രീതിയില്‍ സിഎംഎസ് കോളേജിലും സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ച് ക്യാമ്പസില്‍ അക്രമത്തിന് മുതിര്‍ന്ന എസ്എഫ്‌ഐക്കാരെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഗേറ്റിന് മുന്‍പില്‍ തടയുകയായിരുന്നു.
പാലാ പോളി ടെക്‌നിക്ക് കോളേജില്‍ അഞ്ച് ദിവസം മുന്‍പ് കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ ഒരുകൂട്ടം എസ്എഫ്‌ഐക്കാര്‍ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
















