കൊച്ചി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. വൈറസ് ബാധ തടയാനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തും. തുടര്‍ന്ന് കേന്ദ്ര സംഘം റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് ഡോ.ഷൗക്കത്തലി പറഞ്ഞു.
ദൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ ഡോക്ടര്‍ പുഷ്‌പേന്ദ്ര കുമാർ വർമ, ദൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടര്‍ രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ, ഡോ റാഫേൽ ടെഡി എന്നിവരാണ് സംഘത്തിൽ ഉള്ളത്. നെടുമ്പാശേരി വിമാനത്തവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.
കളമശേരി മെഡിക്കല്‍ കോളജില്‍ സംഘം പരിശോധനയ്‌ക്കായി എത്തും. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.
കണ്ണൂരില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക.
















