കൊച്ചി: സംവാദങ്ങളിലും ടെലിവിഷൻ ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും ചാമ്പ്യൻ ചമയുന്ന അഡ്വ. ശ്രീജിത് പെരുമന പരസ്യമായി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സംവാദ ‘യുദ്ധ’ത്തിൽ തോറ്റതിന്റെ പരാജയം മറയ്‌ക്കാൻ സംഘാടകരേയും സദസ്സിനേയും കുറ്റപ്പെടുത്തിയായിരുന്നു അഡ്വക്കേറ്റ് ശ്രീജിത് പെരുമനയുടെ പോസ്റ്റ്. തോല്‍വിയുടെ സ്വയം ന്യായീകരണം ചര്‍ച്ചയുടെ സാക്ഷികള്‍ തന്നെ ചോദ്യം ചെയ്തപ്പോഴാണ് പരസ്യമായിട്ടിരുന്ന പോസ്റ്റ് സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലാക്കിയത്.
ജനുവരി 26 ന്, റിപ്പബ്ലിക് ദിനത്തിൽ, പൗരത്വ നിയമ ഭേദഗതി നിയമത്തെക്കുറിച്ച് കൊല്ലം ആസ്ഥാനമായ സ്വതന്ത്ര ചിന്താവേദി എസൻസ് ഗ്ലോബൽ സംവാദം സംഘടിപ്പിച്ചു. വിവിധ വേദികളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള ശ്രീജിത് പണിക്കരും അഡ്വക്കേറ്റ് ശ്രീജിത് പെരുമനയുമായിരുന്നു സംവാദകർ. കൃത്യമായ രൂപഘടനയിൽ ചർച്ച. തർക്കമില്ല, അഭിപ്രായങ്ങൾ അനുവദിച്ച സമയത്തിൽ പറയണം. സദസിന് മറുപടിയും.

പൗരത്വ നിയമത്തെ എതിർക്കുന്നവരും മാറ്റങ്ങൾ വേണമെന്നുമാണ് നിലപാടെന്ന് സംഘാടകർ നയം വ്യക്തമാക്കിയിരുന്നു. സദസും അതേ അഭിപ്രായക്കാർ. സംവാദത്തിൽ സംശയം നീക്കി നിലപാട് മാറ്റണമെങ്കിൽ അതിനാണ് അവർ വന്നത്. ചർച്ചയിൽ അഡ്വ.ശ്രീജിത് കവല പ്രസംഗമായിരുന്നുവെന്ന് സദസിലുണ്ടായിരുന്നവർ പറയുന്നു. ക്ഷുഭിതനും അസ്വസ്ഥനും ‘അരിയെത്ര, പയറഞ്ഞാഴി’ എന്ന മട്ടിലായിരുന്നു നിലപാടെന്നും അവരിൽ ചിലർ പറയുന്നു. ഇടയ്‌ക്കിടെ, മറുപക്ഷത്തുള്ള ശ്രീജിത് പണിക്കർ ‘ അതിവേഗം കള്ളം പറയുന്നയാൾ’ ആണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഏതാണ് നുണയെന്ന് പറഞ്ഞതുമില്ല. ഒടുവിൽ ശ്രീജിത് പണിക്കർക്ക് സദസിന്റെ കൈയടിയും കിട്ടി.

സംവാദത്തിലെ തോൽവി സ്വയം ബോധ്യപ്പെട്ടപ്പോഴാണ്, സംഘാടകരേയും സദസിനേയും പഴിച്ച് പെരുമന ഫേസ്ബുക്കിലെഴുതിയത്. എന്നാൽ, സദസിലുണ്ടായിരുന്നവർ പെരുമനയ്‌ക്ക് മറുപടി കൊടുത്തു. ചർച്ചയിൽ പെരുമന പരാജയമായിരുന്നുവെന്നും ഈ ന്യായീകരണം തെറ്റാണെന്നും അവർ സ്ഥാപിച്ചു. വിമർശിച്ചും പരിഹസിച്ചും മറുപടികൾ വന്നു. പിടിച്ചു നിൽക്കാനാവില്ലെന്നു വന്നപ്പോൾ എഫ് ബി പോസ്റ്റ് ഡിലിറ്റ് ചെയ്യുകയായിരുന്നു; സോഷ്യൽ മീഡിയ ശൈലിയിൽ , ‘കണ്ടംവഴി ഓടി’.
സംവാദത്തിന്റെ വീഡിയോ അടുത്ത ദിവസങ്ങളിൽ സംഘാടകർ പുറത്തുവിടും. മൂന്നു മണിക്കൂർ സംവാദം എഡിറ്റ് ചെയ്യാതെ ചേർത്താൽ അഡ്വ. ശ്രീജിത് പെരുമയുടെ ‘വീരനായകനെന്ന കഥ കഴി’യുമെന്ന് സംവാദ സാക്ഷികൾ പറയുന്നു.

















