തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതെങ്ങനെയെന്ന കെ. മുരളീധരന്റെ പരിഹാസ രൂപേണയുള്ള വിമര്‍ശനത്തിന് മറുപടി നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മോഹന്‍ ശങ്കറും സോനയും അടക്കമുള്ളവര്‍ എങ്ങനെ ലിസ്റ്റില്‍ ഇടം നേടിയെന്ന് പരസ്യമായി സംശയമുന്നയിച്ച കെ മുരളീധരനുള്ള മറുപടി മുല്ലപ്പള്ളി കെപിസിസി ഭാരവാഹിയോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ തന്നെ നല്‍കി. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയില്‍ ഉള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവരവരുടേതായ മേഖലകളില്‍ ഉത്തരവാദിത്തവും മികവും കാഴ്ച വച്ചവരാണെന്നും കൂട്ടിച്ചേര്‍ത്തു.
എകെ ആന്റണി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പുതിയ ഭാരവാഹികളുടെ ആദ്യ യോഗമാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്തത്. ഭാരവാഹികള്‍ക്ക് ചുമുതല കൈമാറുന്നതിന് ഒപ്പം പൗരത്വ പ്രതിഷേധത്തിലടക്കം തുടര്‍ സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചയാകും. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ അടക്കമുള്ളവരെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. ജനപ്രതിനിധികളും പങ്കെടുക്കുന്നില്ല.
















