കോഴിക്കോട്: ഗ്രാമഫോണ്‍ എന്നാല്‍ കല്ലായിക്കാരന്‍ മുഹമ്മദ് ഷാഫിക്ക് ജീവനാണ്. ഏതെങ്കിലും ഒരു ഗ്രാമഫോണ്‍ കൈയില്‍ കിട്ടിയാല്‍ അത് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നാകും ചിന്ത. പിന്നെ ഗ്രാമഫോണ്‍ പെട്ടിയില്‍ നിന്നുള്ള പാട്ടുകേട്ടശേഷം മാത്രമേ റാഫി വിശ്രമിക്കൂ. ഗ്രാമഫോണിനോടുള്ള ഈ പ്രിയം മുഹമ്മദ് ഷാഫിയെ ഗ്രാമഫോണ്‍ ഷാഫിയാക്കി.
കുട്ടിക്കാലത്തു തുടങ്ങിയതാണ് മുഹമ്മദ് ഷാഫിക്ക് ഗ്രാമഫോണുകളോടുള്ള പ്രിയം. വയനാട്ടിലെ കുന്നിക്കല്‍ പുരുഷോത്തമനായിരുന്നു മാര്‍ഗദര്‍ശി. പിന്നീട് ഗ്രാമഫോണ്‍ റെക്കോഡുകള്‍ തേടി രാജ്യം മുഴുവന്‍ അലഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഗ്രാമഫോണ്‍ റിപ്പയറിങ്ങിനും മറ്റുമായി മുഹമ്മദ് ഷാഫിയെ തേടിയെത്താറുണ്ട്. ഒരിക്കലും ശരിയാകില്ലെന്ന് കരുതിയ റെക്കോഡുകള്‍ നന്നാക്കി കൊടുക്കുമ്പോള്‍ വലിയ സന്തോഷമാണ് കൊണ്ടുവന്നവര്‍ക്കുണ്ടാവുകയെന്ന് ഷാഫി പറയുന്നു.
ഷാഫിയുടെ കൈയിലിപ്പോള്‍ 25 തരം ഗ്രാമഫോണുകളുണ്ട്. വിവിധ ഭാഷകളിലായി ഒരു ലക്ഷത്തിലേറെ പാട്ടുകള്‍ ഗ്രാമഫോണ്‍ റെക്കോഡുകളിലായി ശേഖരിച്ചിരിക്കുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോര്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പ്രസംഗങ്ങളും ഈ അപൂര്‍വശേഖരത്തിലുണ്ട്. ഇവയെല്ലാം തന്റെ വീട്ടില്‍ സംരക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഷാഫി. മറ്റുള്ളവര്‍ക്ക് ഗ്രാമഫോണുകളെക്കുറിച്ച് അറിയാനും പഠിക്കാനും സൗകര്യം ഒരുക്കണമെന്നും ഷാഫിയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് മ്യൂസിയമെന്ന ആശയം മനസ്സില്‍ വന്നത്.
വര്‍ഷങ്ങളായി മനസ്സിലിട്ട് താലോലിച്ച ഷാഫിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സൃഹൃത്തുക്കളും സംഗീതാസ്വാദകരും കൈകോര്‍ത്തു. വയനാട് വൈത്തിരിക്കടുത്ത് തലപ്പുഴയില്‍
ഷാഫിയുടെ ഗ്രാമഫോണ്‍ മ്യൂസിയവും റിസര്‍ച്ച് സെന്ററും ഉദ്ഘാടനത്തിന് ഒരുങ്ങി. ഇന്ന് ഉച്ചയ്‌ക്ക് 12ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലീകരിക്കപ്പെടുന്ന സന്തോഷത്തിലാണ് ഷാഫി.
മ്യൂസിയം തുറക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഗ്രാമഫോണുകളെ അടുത്തറിയാനും പഠിക്കാനും കഴിയുമെന്ന് മുഹമ്മദ് ഷാഫിയും സുഹൃത്തുക്കളായ സി.ജെ. വര്‍ഗീസ്, എസ്.വി. ജയശങ്കര്‍, എം.എം. ഷംസുദ്ദീന്‍ എന്നിവരും പറയുന്നു. അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമഫോണ്‍ റെക്കോഡുകള്‍ക്ക് പുറമെ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍, പഴയ റേഡിയോകള്‍ തുടങ്ങിയവയും ഷാഫിയുടെ ശേഖരത്തിലുണ്ട്.
















