പാലക്കാട്: ഓരോ രാജ്യത്തിനും അവരുടേതായ നയങ്ങളും നിയമങ്ങളുമുണ്ടെന്നും അത് പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഡിജിപി ജേക്കബ് തോമസ്. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച പൗരധര്‍മ്മം സാധ്യതകളും പരിമിതികളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ നിയമം നല്ലതോ ചീത്തയോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം സ്വീകാര്യമാണെങ്കിലും അതിന് പരിമിതികളുണ്ട്. പ്രതിഷേധമെന്നാല്‍ പൊതുമുതല്‍ നശിപ്പിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി രാജ്യദ്രോഹകുറ്റമാണ്. എന്നാല്‍, അതിനെതിരെ നടപടിയെടുത്തതിനാണ് സര്‍ക്കാര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത്. അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുകയും ഒതുക്കുകയും ചെയ്യുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ സമൂഹത്തിന് നല്‍കിയത്.
സ്വന്തമായി നഷ്ടങ്ങളുണ്ടായാലും നിയമം പാലിക്കാനും, പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. തനിക്ക് നഷ്ടം വന്നാലും നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് പൗരധര്‍മ്മം. തന്റെ പ്രവര്‍ത്തനം ആ വഴിക്കാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയാണ്. ആ പദവി കേന്ദ്ര-സംസ്ഥാന ബന്ധത്തിന്റെ പ്രതീകമാണ്. രാജ്യത്തിന്റെ അഖണ്ഡത കാക്കുന്ന ഒരു പദവിയായി വേണം അതിനെ കാണാനെന്നും അദ്ദേഹം പറഞ്ഞു.
















