പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്‌ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടന്നത് തരംതാഴ്‌ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് നീതിമാനാണല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തരംതാഴ്‌ത്തല്‍ സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജേക്കബ് തോമസ് എസ്‌ഐ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും പോലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
നിരന്തരം കേസുകളില്‍പ്പെടുന്നതും ഔദ്യോഗിക പദവിയിലിരിക്കെ പുസ്തകമെഴുതിയതും തരംതാഴ്‌ത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ കാരണമായതായാണ് വിലയിരുത്തല്‍. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു.
ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്‌ത്താനുള്ള നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം.
















