തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സെഡ് പ്ലസ വിഭാഗത്തിലെക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി. ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതടക്കം നിരവധി പ്രശ്‌നങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനു കാരണം.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്. ഗവര്‍ണറുടെ സുരക്ഷ സെഡ് പ്ലസായി ഉയര്‍ത്തുന്നതിലൂടെ സംസ്ഥാനത്തിന് പുറത്തു പോകുമ്പോഴും കര്‍ശന സുരക്ഷ ഉറപ്പാക്കാനാകും. പുതിയ തീരുമാനത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാകുന്നതിനു പുറമെ കൂടുതല്‍ വാഹനങ്ങള്‍ അകമ്പടിയുമുണ്ടാകും.
ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്‌ക്കായി 58 പോലീസുകാരാണ് ഒരോ ഷിഫ്റ്റിലുമായി ജോലി ചെയ്യുന്നത്. പുതുക്കുന്ന സുരക്ഷ പ്രകാരം ഗവര്‍ണര്‍ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോള്‍ കേരള പോലീസ് സുരക്ഷയൊരുക്കും. പുറത്തു പോകുമ്പോള്‍ അതത് സംസ്ഥാനങ്ങള്‍ക്കാണ് സുരക്ഷയുടെ ചുമതല. ഗവര്‍ണര്‍ക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യന്‍ നേവിയില്‍നിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാര്‍.
















