തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്‌പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎല്‍) തിരുവനന്തപുരത്ത് വിവാന്ത ഹോട്ടലിനായി കരാര്‍ ഒപ്പുവച്ചു. മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡുമായാണ് ഐഎച്ച്സിഎല്‍ മാനേജ്മെന്‍റ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
എല്ലാ സംസ്ഥാന തലസ്ഥാനത്തും സാന്നിദ്ധ്യം വേണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഈ കരാര്‍ ഒപ്പുവയ്‌ക്കുന്നതെന്ന് ഐഎച്ച്സിഎലിന്റെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുമ വെങ്കടേഷ് പറഞ്ഞു. ഐഎച്ച്സിഎലിന് കേരളത്തില്‍ ഇതോടെ പതിനൊന്ന് ഹോട്ടലുകളാവും. മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും സുമ വെങ്കടേഷ് വ്യക്തമാക്കി.
പ്രധാന ബിസിനസ്, ലീഷര്‍ ലൊക്കേഷനുകളുടെ വളരെ അടുത്തായി സംസ്ഥാന അസംബ്ലിയുടെയും സെക്രട്ടേറിയറ്റിന്റെയും സമീപത്തായാണ് 108 മുറികളുള്ള വിവാന്ത തിരുവനന്തപുരം. നവീനവും അതേസമയം പ്രാദേശിക തീമും കരവിരുതും ഉള്‍ക്കൊള്ളുന്നതുമാണ് ഈ ഹോട്ടല്‍. വിശാലമായ മുറികള്‍, ഓള്‍ ഡേ ഡിന്നര്‍, ഇന്ത്യന്‍ സ്പെഷ്യാലിറ്റി റസ്റ്റോറന്‍റ്, ബാര്‍, മീറ്റിംഗ് സ്പേയ്സ്, റൂഫ്‌ടോപ് സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും ഹോട്ടലിലുണ്ട്. മാര്‍ച്ചില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും.
കേരളത്തില്‍ ഐഎച്ച്സിഎലിന് മികച്ച സാന്നിദ്ധ്യമുണ്ടെന്ന് മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ കെ. മുരളീധരന്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടയില്‍ ഹോട്ടല്‍ തുറക്കാന്‍ സാധിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ കോസ്മോപോളിറ്റന്‍ നഗരത്തിലേയ്‌ക്ക് വിവാന്തയെ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഴു മലനിരകളും മനോഹരമായ കടല്‍ത്തീരവും സ്വന്തമാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്. ഐടി, മെഡിക്കല്‍, വിദ്യാഭ്യാസ ഹബും ടൂറിസ്റ്റ് കേന്ദ്രവുമായ നഗരം കോവളം, കന്യാകുമാരി, വര്‍ക്കല, കൊല്ലം തുടങ്ങിയ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളുടെ പ്രവേശനകവാടം കൂടിയാണ്.
















