ന്യൂദല്‍ഹി/കാഠ്മണ്ഡു: വിനോദയാത്രയ്‌ക്കെത്തിയ എട്ടു മലയാളികള്‍ നേപ്പാളിലെ ഹിമാലയന്‍ ഗ്രാമമായ ദാമനിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ചെങ്കോട്ടുകോണത്തെയും കോഴിക്കോട് കുന്ദമംഗലത്തെയും രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്. കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചെങ്കോട്ടുകോണം അയ്യന്‍ കോയിക്കല്‍ എകെആര്‍എഎ-59 രോഹിണി ഭവനില്‍ കൃഷ്ണന്‍ നായരുടെയും പ്രസന്നകുമാരിയുടെയും മകനും ദുബായ്‌യില്‍ എഞ്ചിനീയറുമായ പ്രവീണ്‍.കെ. നായര്‍ (39), ഭാര്യ എറണാകുളം അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാര്‍മസി പി
ജി വിദ്യാര്‍ത്ഥിയും കൊല്ലം സ്വദേശിയുമായ ശരണ്യ (34), മക്കളായ ഭദ്ര എന്ന് വിളിക്കുന്ന ശ്രീഭദ്ര (ഒമ്പത്), ആര്‍ച്ച (ഏഴ്), അഭിനവ്. എസ്. നായര്‍ (നാല്) എന്നിവരാണ് മരിച്ചത്. എളമക്കര സരസ്വതി വിദ്യാനികേതനിലെ വിദ്യാര്‍ഥികളാണ് കുട്ടികള്‍. ശ്രീഭദ്ര മൂന്നാം ക്ലാസിലും ആര്‍ച്ച രണ്ടാം ക്ലാസിലും അഭിനവ് എല്‍കെജിയിലുമാണ് പഠിക്കുന്നത്. ശരണ്യ എറണാകുളത്ത് പഠിക്കുന്നതിനാല്‍ അവിടെയാണ് കുടുംബം താമസിച്ചിരുന്നത്. കുന്ദമംഗലം താളിക്കുണ്ട് പുനത്തില്‍ വീട്ടില്‍ മാധവന്‍ നായരുടെ മകന്‍ രഞ്ജിത്ത് കുമാര്‍ (37), ഭാര്യ ഇന്ദുലക്ഷ്മി (28), ഇളയമകന്‍ വൈഷ്ണവ് (രണ്ട്) എന്നിവരും മരിച്ചു. രഞ്ജിത്തിന്റെ മൂത്തമകന്‍ മാധവ് (ഏഴ്) മറ്റൊരു മുറിയിലായതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹങ്ങള്‍ ദല്‍ഹിയിലെത്തിച്ച ശേഷം നാളെ നാട്ടിലേക്ക് അയയ്‌ക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. മലയാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
എഞ്ചിനീയറിങ് പഠനകാലം മുതലുള്ള സൗഹൃദമായിരുന്നു പ്രവീണും രഞ്ജിത്തും തമ്മിലുണ്ടായിരുന്നത്. എല്ലാ അവധിക്കാലത്തും ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ടായിരുന്നു. ദല്‍ഹിയില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടിയ ശേഷമാണ് ഇവര്‍ അടങ്ങുന്ന പതിനഞ്ചംഗ സംഘം കാഠ്മണ്ഡുവിലേക്ക് തിരിച്ചത്.
വ്യാഴാഴ്ചയാണ് രഞ്ജിത്തും കുടുംബവും വിനോദയാത്രയ്‌ക്കായി പുറപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കാഠ്മണ്ഡുവില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെയുള്ള മക്‌വന്‍പൂര്‍ ജില്ലയിലെ ഹിമാലയന്‍ ഗ്രാമമായ ദാമനില്‍ സംഘമെത്തിയത്. എവറസ്റ്റ് പനോരമ റിസോ
ര്‍ട്ടില്‍ നാലു മുറികള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും ഹീറ്ററുകള്‍ കുറവായതിനാല്‍ രണ്ടു കുടുംബങ്ങള്‍ ഒരു മുറിയില്‍ രാത്രി തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ പ്രവീണിന്റെയും രഞ്ജിത്തിന്റെയും കുടുംബം കിടന്ന മുറി തുറക്കാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ തുറന്നു നോക്കിയപ്പോഴാണ് അപകടവിവരം മനസ്സിലായത്. ഹെലിപ്പാഡുള്ള റിസോര്‍ട്ട് ആയതിനാല്‍ ഇവരെ വേഗത്തില്‍ തന്നെ ഇവിടെ നിന്ന് കാഠ്മണ്ഡുവിലേക്ക് എത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റൂമിന്റെ എല്ലാ വാതിലുകളും ജനലുകളും അകത്തുനിന്ന് പൂട്ടിയതിനാല്‍ ഗ്യാസ് ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് റൂമില്‍ നിറഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ പോലീസ് മേധാവി സുശീല്‍സിങ് റാത്തോഡ് പറഞ്ഞു. ഉറക്കത്തിലായതിനാല്‍ വിഷവാതകം ശ്വസിച്ച് ആദ്യം അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും നീങ്ങുകയായിരുന്നു, എസ്പി പറഞ്ഞു.
കൊച്ചി ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് രഞ്ജിത്ത്. കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എലത്തൂര്‍ ശാഖ ജീവനക്കാരിയാണ് ഇന്ദു ലക്ഷ്മി. പ്രഭാവതിയാണ് രഞ്ജിത്തിന്റെ അമ്മ. സഹോദരങ്ങള്‍: സജീഷ് (ടൂറിസം വകുപ്പ്, കണ്ണൂര്‍), സിന്ധു (ബ്രൈറ്റ് ആന്‍ഡ് നിവേദിത കോളേജ്). മൊകവൂര്‍ സ്വദേശി പീതാംബരന്‍ നായരുടെയും രാജലതയുടെയും മകളാണ് ഇന്ദു ലക്ഷ്മി. സഹോദരി: ചിത്രാ ലക്ഷ്മി.
















