അരൂര്‍ (ആലപ്പുഴ): മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളില്‍ തയാറാക്കിയ യാര്‍ഡുകളില്‍ തള്ളാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. പഞ്ചായത്തുകളും എതിര്‍പ്പുമായി രംഗത്ത്. കെട്ടിടാവശിഷ്ടങ്ങള്‍ ഗുരുതര ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തിയത്.
ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന സ്വകാര്യ കമ്പനിയാണ് കോണ്‍ക്രീറ്റ് മാലിന്യം നീക്കാന്‍ 35.16 ലക്ഷം രൂപയ്‌ക്ക് കരാറെടുത്തത്. 70 ദിവസമാണ് മാലിന്യം നീക്കാന്‍ മരട് നഗരസഭ കമ്പനിക്ക് നല്‍കിയത്. എന്നാല്‍, ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതി തേടാതെയാണ് കമ്പനി യാര്‍ഡുകള്‍ ഒരുക്കിയതെന്നാണ് ആക്ഷേപം. അരൂര്‍ പഞ്ചായത്തിലെ ചന്തിരൂരില്‍ മൂന്ന് ഏക്കറിലും എഴുപുന്ന പഞ്ചായത്തിലെ എഴുപുന്നയില്‍ 4.5 ഏക്കറിലുമാണ് യാര്‍ഡുകള്‍. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ തള്ളരുതെന്ന് കാട്ടി ഇരുപഞ്ചായത്തുകളും ദിവസങ്ങള്‍ക്ക് മുമ്പ് യാര്‍ഡുകളുടെ ഗേറ്റിന് മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു.
കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് കോണ്‍ക്രീറ്റും കമ്പികളും വേര്‍തിരിച്ചാണ് മാലിന്യം നീക്കുന്നത്. മരടില്‍നിന്ന് കഴിഞ്ഞ 15 മുതല്‍ കോണ്‍ക്രീറ്റ് മാലിന്യം ചന്തിരൂരിലുള്ള യാര്‍ഡില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. നിത്യേന 25 ടോറസില്‍ 15 ലോഡ് വീതം 25 ദിവസം കൊണ്ട് 42,850 ടണ്‍ അവശിഷ്ടമാണ് കമ്പനി നീക്കേണ്ടത്. അരൂര്‍ പഞ്ചായത്തിലേക്ക് മരടിലെ ഫ്‌ളാറ്റിന്റെ കെട്ടിട അവശിഷ്ടങ്ങള്‍ എത്തിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് അരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. ഫ്‌ളാറ്റ് പൊളിച്ച കെട്ടിടാവിഷ്ടങ്ങള്‍ ഉപയോഗിച്ച് അരൂര്‍, എഴുപുന്ന മേഖലകളിലെ നീര്‍ത്തടങ്ങളും പാടശേഖരങ്ങളും തോടുകളും കുളങ്ങളും നികത്താനുള്ള ഭൂമാഫിയ സംഘത്തിന്റെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
















