ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെയും മരുമകന്‍ റോബര്‍ട്ട് വാദ്രയുടെയും വലംകൈയായ മലയാളി ബിസിനസുകാരന്‍ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ആയിരം കോടി രൂപയുടെ വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രവാസി ബിസിനസുകാരനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ അറസ്റ്റ് സോണിയയ്‌ക്കും വാദ്രയ്‌ക്കും വലിയ തിരിച്ചടിയാണ്. വാദ്രയുടെ ബിനാമിയാണ് തമ്പിയെന്ന്് എന്‍ഫോഴ്‌സ്‌മെന്റ് സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതുവഴി വാദ്രയ്‌ക്ക് വിദേശ രാജ്യങ്ങളിലുള്ള സ്വത്തു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നു.
ഫെമ (വിദേശനാണ്യ വിനിമയ നിയമം) ലംഘിച്ച് കേരളത്തില്‍ ആയിരം കോടി രൂപയ്‌ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരികയായിരുന്നു. ഈ കേസില്‍ 2017ല്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ദുബായ്‌യിലെ ബിസിനസുകാരനായ തമ്പിക്ക് ആയുധ ദല്ലാളായ സഞ്ജയ് ഭണ്ഡാരിയുമായും അവിശുദ്ധ ബന്ധമുണ്ട്. ഭണ്ഡാരിയുടെ ലണ്ടനിലെ കെട്ടിടം കൈമാറിയത് തമ്പിക്കാണെന്നും കെട്ടിടം വാങ്ങാന്‍ തമ്പി കടലാസ് കമ്പനി രൂപീകരിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. തമ്പിയെ ബിനാമിയാക്കി വാദ്ര ഈ കെട്ടിടം ഉപയോഗിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് അറസ്റ്റെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ സ്ഥാപനങ്ങളായ ഹോളിഡേ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്‌ക്കെതിരെയും അന്വേഷണമുണ്ട്. ഇതിനു പുറമേ ഇയാള്‍ക്ക് ചില രാഷ്‌ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായുമുള്ള ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ്പരിശോധിക്കുന്നു. വാദ്രയുടെ ഹരിയാനയിലെ അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ടും തമ്പിയുടെ പേര് ഉയര്‍ന്നിരുന്നു. ഈ ഇടപാടുകള്‍ക്ക് പണം നല്‍കിയത് തമ്പിയാണെന്നായിരുന്നു പ്രധാന ആരോപണം.
യുഎഇയിലും കേരളത്തിലും വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ഹോളിഡേ ഗ്രൂപ്പിന്റെ ഉടമയാണ് തമ്പി. 1981 ലാണ് ഇയാള്‍ ഈ ഗ്രൂപ്പ് തുടങ്ങിയത്. വാദ്രയ്‌ക്ക് പങ്കുള്ള സ്‌കൈ ലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നടത്തിപ്പുകാരനും തമ്പിയാണ്. സഞ്ജയ് ഭണ്ഡാരിയുടെ സാന്‍ടെക്കുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. 2009ല്‍ സാന്‍ടെക്ക് 19 ലക്ഷം പൗണ്ടിന് (17 കോടി രൂപ) ലണ്ടനില്‍ വോര്‍ട്ടെക്‌സ് എന്ന കമ്പനിയില്‍ നിന്ന് വസ്തു വാങ്ങി. ഈ ഇടപാട് നടന്നയുടന്‍ സ്‌കൈ ലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വോര്‍ട്ടെക്‌സിന്റെ മുഴുവന്‍ ഓഹരികളും വാങ്ങി. ഈ ഇടപാടുകളില്‍ വലിയ ക്രമക്കേടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. വാദ്രയുള്‍പ്പെട്ട ഗുരുഗ്രാം ഭൂമിയിടപാടിലും എന്‍ഫോഴ്‌സ്‌മെന്റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.
ലണ്ടനില്‍ 19 ലക്ഷം പൗണ്ടിന്റെയും (17 കോടി രൂപ) 40 ലക്ഷം പൗണ്ടിന്റെയും (37 കോടി രൂപ) 50 ലക്ഷം പൗണ്ടിന്റെയും (46 കോടി രൂപ) വസ്തുവും ആറ് ഫ്‌ളാറ്റുകളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ 120 ലക്ഷം പൗണ്ട് (111 കോടി രൂപ) വിലമതിക്കുന്ന സ്വത്ത് തമ്പിയുടെ ചില സ്ഥാപനങ്ങളുടെ പേരിലാണെങ്കിലും വാദ്രയുടേതാണെന്നാണ് സൂചന. ഇവ വാങ്ങാന്‍ ഉപയോഗിച്ച പണം പെട്രോളിയം ഇടപാടു വഴി ലഭിച്ചതാണെന്നാണ് വിവരം.
സോണിയയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മാധവന്‍ വഴിയാണ് തമ്പി താനുമായും സോണിയ കുടുംബവുമായും അടുത്തതെന്നാണ് വാദ്ര എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞത്. എന്നാല്‍, വിമാനയാത്രയ്‌ക്കിടെയാണ് താന്‍ വാദ്രയെ പരിചയപ്പെട്ടതെന്നാണ് തമ്പി പറഞ്ഞത്.
ലണ്ടനിലെ വസ്തുക്കളില്‍ താന്‍ താമസിച്ചിട്ടില്ലെന്നാണ് വാദ്ര മൊഴി നല്‍കിയത്. എന്നാല്‍, വാദ്ര താമസിച്ചിട്ടുണ്ടെന്നാണ് തമ്പി എന്‍ഫോഴ്‌സ്‌മെന്റിനു നല്‍കിയ മൊഴി. മൊഴികളിലെ വൈരുദ്ധ്യമാണ് വിപുലമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കുമെത്തിയത്.
















