തളിപ്പറമ്പ്: ഭിന്നലിംഗക്കാരിയായ യുവതിയെ വീട്ടുകാര്‍ പീഡിപ്പിക്കുന്നെന്ന പരാതിയുമായി സുഹൃത്തുക്കളായ ആക്ടിവിസ്റ്റുകള്‍ രംഗത്ത്. തളിപ്പറമ്പ് മാവിച്ചേരിയിലെ 21 കാരിയെ വീട്ടുതടങ്കലിലാക്കിയെന്നാണ് പരാതി. അതേസമയം, യുവതി രക്ഷിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് തളിപ്പറമ്പ് പൊലീസ്.
തളിപ്പറമ്പ് മാവിച്ചേരിയിലെ 21 കാരിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു എന്നാണ് ഭിന്നലിംഗക്കാര്‍ക്കായി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹയാത്രിക ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അംഗങ്ങളുടെ പരാതി. ഇവരുടെ സുഹൃത്തായ പെണ്‍കുട്ടി വീട്ടിലേക്ക് പോകാതെ നാല് മാസം ക്യൂര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട നസീമ യു. നസ്‌റീന്‍, ഗാര്‍ഗി എന്നിവര്‍ക്കൊപ്പം കോഴിക്കോട് ചേവായൂരില്‍ താമസിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 24 ന് പകല്‍ 11 മണിക്ക് വീട്ടുകാര്‍ ഫോണ്‍ ചെയ്ത് തെറ്റിദ്ധരിപ്പിച്ച് തിരികെ കൊണ്ടുപോയെന്നാണ് ഇവര്‍ പറയുന്നത്. അന്ന് രാത്രി നസീമയെ ഫോണില്‍ വിളിച്ച പെണ്‍കുട്ടി തന്നെ രക്ഷിക്കണം, പാലക്കാട് മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ട് പോകുകയാണെന്ന് പറഞ്ഞതായും ഇവര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് ഇവര്‍ വിവരം തളിപ്പറമ്പ് പൊലീസിനെ വിളിച്ചറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നും ആക്ഷേപമുന്നയിക്കുന്നു.
ഇതേത്തുടര്‍ന്ന് വ്യാഴാഴ്‌ച്ച രാത്രി സഹയാത്രിക പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. എന്നാല്‍ വെള്ളിയാഴ്‌ച്ച രാവിലെ വരാന്‍ പറഞ്ഞ് പൊലീസ് മടക്കിയയക്കുകയായിരുന്നു. വെള്ളിയാഴ്‌ച്ച രാവിലെ 10 മണിയോടെ വീണ്ടും സ്റ്റേഷനിലെത്തിയ തങ്ങളോട് പൊലീസ് പരിഹാസ രൂപേണയാണ് പെരുമാറിയതെന്ന് സഹയാത്രിക അംഗങ്ങള്‍ കുറ്റപ്പെടുത്തി. അതേസമയം പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും അതിനാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നുമാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കള്‍ ആവശ്യമെങ്കില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി കോടതിയില്‍ ഫയല്‍ ചെയ്യുന്നതാകും ഉചിതമെന്നും പൊലീസ് സൂചിപ്പിക്കുന്നു. ആക്ടിവിസ്റ്റുകളായ നസീമ. യു. നസ്‌റീന്‍, എ. സുല്‍ഫത്ത്, ശബാന നസ്‌റീന്‍, ആതിര ദാസ്, എച്ച്. ഗാര്‍ഗി, റോസ ഫെലീഷ്യ എന്നിവരാണ് പെണ്‍കുട്ടിയെ രക്ഷിക്കണമെന്ന ആവശ്യവുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്.
















