ശ്ലോകം 47
അജ്ഞാനയോഗാത്പരമാത്മനസ്തവ
ഹ്യനാത്മബന്ധസ്തത ഏവ സംസൃതിഃ
തയോര്‍ വിവേകോദിതബോധവഹ്നിഃ
അജ്ഞാനകാര്യം പ്രദഹേത് സമൂലം
പരമാത്മസ്വരൂപനായ നിനക്ക് അജ്ഞാനം മൂലം അനാത്മ വസ്തുക്കളില്‍ ആത്മാവെന്ന തോന്നലും ബന്ധനവും ഉണ്ടായി. ഇതേ തുടര്‍ന്ന് സംസാര ദുരിതങ്ങളും വന്നു പെട്ടു. ആത്മ അനാത്മാക്കളെപ്പറ്റി വിവേക വിചാരം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ജ്ഞാനാഗ്‌നി അജ്ഞാനത്തേയും അതേ തുടര്‍ന്നുള്ള മിഥ്യാജ്ഞാനങ്ങളേയും സമൂലം ദഹിപ്പിക്കും.
നമുക്ക് ഓരോരുത്തര്‍ക്കും ബന്ധനമുണ്ടാവാനുള്ള കാരണമെന്താണ്? നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തില്‍ തിരിച്ചെത്താന്‍ എന്ത് ചെയ്യണം? ആത്മദര്‍ശനത്തിനുള്ള ഉപായമെന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ശ്ലോകം വ്യക്തമാക്കുന്നു.
അറിവില്ലായ്മ മൂലം ഒരു വസ്തുവിനെ മറ്റൊന്നായി കരുതാന്‍ ഇടയുണ്ട്. അരണ്ട വെളിച്ചത്തില്‍ മരക്കുറ്റിയോ തൂണോ കണ്ട് അത് പ്രേതമോ ആളോ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം. ‘സ്ഥാണു പുരുഷ ഭ്രാന്തി’ എന്നാണ് ഇതറിയപ്പെടുന്നത്. വാസ്തവത്തില്‍ എന്താണോ ഉള്ളത് അതിനെ കാണാതെ മറ്റൊന്നിനെ യാഥാര്‍ത്ഥ്യമെന്ന് കരുതലാണിത്. അതുപോലെ പരമാത്മായ നാം അതറിയാതെ ശരീരമാണ് എന്ന് തെറ്റിദ്ധരിക്കുന്നു. ആത്മാവിനെ അറിയാതെയിരുന്നാല്‍ എല്ലാ അനര്‍ത്ഥങ്ങളുമുണ്ടാകും.
ശുദ്ധ ബോധമായ ആത്മ ചൈതന്യം ചിന്താ പ്രവാഹമായ മനസ്സാകുന്ന ഉപാധിയില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ ഒരു വ്യക്തിത്വം സംജാതമാകുന്നു. ഉപാധിയുമായി ബന്ധപ്പെട്ട ഈ വ്യക്തിത്വമാണ് ജീവന്‍.
യഥാര്‍ത്ഥത്തില്‍ നിരുപാധികനായ ആത്മാവ് തന്നെയാണ് ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ജീവന്‍. ഉപാധികളില്ലെങ്കില്‍ ജീവ0നും ആത്മാവും തമ്മില്‍ വ്യത്യാസമില്ല. ചിന്തകളാകുന്ന ഉപാധിയില്‍ കുടുങ്ങിയതുപോലെയിരിക്കുന്നതിനാല്‍, സര്‍വ്വവ്യാപകവും അപരിമേയവുമായ ആത്മാവ് സ്ഥലകാല പരിമിതികള്‍ക്ക് വിധേയനായ ജീവനായിത്തീരുന്നു.
ഓരോ ജീവനും തോന്നുക താന്‍ ഈ ശരീരമാണ് എന്നതാണ്. ശരീരത്തിന്റെ എല്ലാ ക്ലേശങ്ങളും സുഖാനുഭവങ്ങളും തന്റെയെന്ന് കരുതും. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളില്‍ ഭ്രമിച്ച് കഷ്ടപ്പെടും. ജീവിതത്തിലെ കഷ്ടപ്പാടുകളും ശരീരം മുതലായ ഉപാധികളിലെ പരിമിതികളും ലോകത്തിന്റെ അപൂര്‍ണ്ണതയും ഇഷ്ടാനിഷ്ടങ്ങള്‍, സുഖദു:ഖങ്ങള്‍, പുണ്യപാപങ്ങള്‍ തുടങ്ങിയ ദ്വന്ദ്വഭാവങ്ങള്‍ കാരണം ഉണ്ടാകുന്ന ദുരിതങ്ങളും ജീവനെ ബാധിക്കുന്നു.
വിവേകവിചാരത്തിലൂടെ എന്താണ് ആത്മാവെന്നും ആത്മാവല്ലാതെയുള്ളത് ഏതൊക്കെയെന്നും ബോദ്ധ്യപ്പെടും. അങ്ങനെ ഉണ്ടാകുന്ന ജ്ഞാനാഗ്‌നിയില്‍ ജീവത്വഭാവന ദഹിച്ചു പോകും. ഞാന്‍ ജനിച്ച സമയം മുതല്‍ ഇതുവരെയുള്ള എന്റെ ശരീരത്തിന് നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതേ ഞാന്‍ തന്നെയാണ് മാറാതെ ഇപ്പോഴുമുള്ളത്. അതിനാല്‍ ഞാന്‍ ശരീരമല്ല. ശരീരം എന്റെതാണ്. ഇത്തരത്തിലുള്ള നിരന്തര വിചാരത്തിലൂടെ താന്‍ ഈ ശരീരമല്ല പരമാത്മാ സ്വരൂപം തന്നെയെന്ന് ഉറയ്‌ക്കാനിടയാകും. ഇത് പരമാനന്ദം തന്നെയാണ്.ഈ അമൃത്വാവസ്ഥയെ കൈവരിച്ചാല്‍ സംസാര ദു:ഖത്തില്‍ നിന്നുള്ള മോചനമായി.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: