തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ എതിർ കക്ഷി ചേരാൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹർജി നൽകി. കേസിന്റെ ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഹർജി നൽകാൻ കേരള സർക്കാർ തീരുമാനിച്ചത്. കാരണം കേരളം ഭരിക്കുന്നത് സിപിഎമ്മും സിപിഐയും നേതൃത്വം നൽകുന്ന സർക്കാരാണ്. ഈ രണ്ട് പാർട്ടികളും പൗരത്വഭേദഗതിയെ ആദ്യം മുതൽ തന്നെ എതിർക്കുന്നവരാണെന്ന് കുമ്മനം ഹർജിയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഗവർണർ നിയമഭേദഗതിയെ അനുകൂലിക്കുന്നുണ്ട്. ഈ ഭേദഗതി സംസ്ഥാനത്തെ ഏതെങ്കിലും ജനത്തെ ഹനിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും അനുകൂലിക്കുന്ന ഈ നിയമത്തിനെതിരെ ഹർജി നൽകാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും കുമ്മനം രാജശേഖരൻ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഈ മാസം 23ന് പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹർജി ഫയൽ ചെയ്തത്.
ഏകദേശം അറുപതോളം ഹർജികളാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാർലമെന്റ് പാസാക്കിയ നിയമമെന്നാണ് കേരളത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: