ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ചെന്നൈയില്‍ സമ്പൂര്‍ണ്ണ നിരോധനം. ആടുത്ത 15 ദിവസത്തേയ്ക്ക് നഗരത്തില്‍ ഒരു തരത്തിലുള്ള സമരങ്ങളും പാടില്ലെന്ന് ചെന്നൈ പോലീസ് കര്‍ശ്ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
സുപ്രീംകോടതി കേസുകള്‍ പരിഗണിക്കുന്ന ദിവസം മുതല്‍ സമരങ്ങള്‍ ശക്തമാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ മദ്രാസ് ഐഐടിയിലാണ് ആദ്യം പ്രതിഷേധം അരങ്ങേറിയത്. അതിനുശേഷമാണ് മറ്റ് പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായത്.
ഇതെല്ലാം കണക്കിലെടുത്ത് അടുത്ത പതിനഞ്ചുദിവസത്തേയ്ക്ക് തമിഴ്നാട് പോലീസ് ആക്ട് 41ാം വകുപ്പ് പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ എ.കെ. വിശ്വനാഥ് അറിയിച്ചു. ഇന്നലെ മുതല്‍ നിരോധനാജ്ഞ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: