ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കടുത്ത ഭിന്നത. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്‌ക്കുന്നവരും അല്ലാത്തവരും എന്ന നിലയില്‍ രണ്ടു തട്ടില്‍ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്.
പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ന്യൂദല്‍ഹിയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത് മുതിര്‍ന്ന നേതാവു കൂടിയായ സിദ്ധരാമയ്യക്കു തിരിച്ചടിയായി. കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ സിദ്ധരാമയ്യ ഗ്രൂപ്പിസം വളര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ സോണിയ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനു അധികാരം നഷ്ടമായതിനു പിന്നിലും സിദ്ധരാമയ്യയാണെന്ന് പറഞ്ഞു.
രാജ്യത്തുടനീളം കോണ്‍ഗ്രസ് നിലപാട് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചെന്ന് സിദ്ധരാമയ്യയെ സോണിയ കുറ്റപ്പെടുത്തി. സിദ്ധരാമയ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ച എം.ബി. പാട്ടീലിനെ അംഗീകരിക്കാനാകില്ലെന്നും ഡി.കെ. ശിവകുമാര്‍ അടുത്ത കെപിസിസി പ്രസിഡന്റാകുമെന്നും സോണിയ അറിയിച്ചു.
2006ല്‍ സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ പാര്‍ട്ടി താത്പര്യം സംരക്ഷിക്കാന്‍ നിരവധി നേതാക്കള്‍ സിദ്ധരാമയ്യക്കായി വഴിയൊരുക്കി. സിദ്ധരാമയ്യയെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ആക്കിയത് പാര്‍ട്ടിയാണെന്ന കാര്യം മറക്കരുതെന്നും സോണിയ പറഞ്ഞു.
കര്‍ണാടക കോണ്‍ഗ്രസിലെ അതികായനെന്ന് വിശേഷിപ്പിച്ചിരുന്ന സിദ്ധരാമയ്യക്കെതിരെ സോണിയ നടത്തിയ പരാമര്‍ശം സിദ്ധരാമയ്യ ക്യാമ്പില്‍ ഞെട്ടല്‍ ഉളവാക്കി. നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് പദവി ദിനേശ്ഗുണ്ടുറാവുവും പ്രതിപക്ഷ നേതൃസ്ഥാനം സിദ്ധരാമയ്യയും രാജിവച്ചിരുന്നു.
പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യ തന്നെ തുടരട്ടെ എന്ന തീരുമാനത്തിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. അതേസമയം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ പ്രസിഡന്റാക്കാനാണ് സോണിയയ്‌ക്കു പുറമേ കമല്‍നാഥ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കും താത്പര്യം.
എന്നാല്‍, ശിവകുമാര്‍ പ്രസിഡന്റാകുന്നതിനെ സിദ്ധരാമയ്യ എതിര്‍ത്തു. തന്റെ അനുയായിയായ എം.ബി. പാട്ടീലിനെ പ്രസിഡന്റാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എഐസിസി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ പിന്തുണ സിദ്ധരാമയ്യക്ക് ലഭിച്ചു. അതേ സമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.എച്ച്. മുനിയ്യ, ബി.കെ. ഹരിപ്രസാദ്, വീരപ്പമൊയ്‌ലി, ജനാര്‍ദ്ദന്‍ പൂജാരി, ജി. പരമേശ്വര തുടങ്ങിയ നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ നിലകൊണ്ടു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കും, സംസ്ഥാനത്തെ സഖ്യസര്‍ക്കാര്‍ താഴെ വീണതിനും കാരണം സിദ്ധരാമയ്യയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രസിഡന്റാക്കിയില്ലെങ്കില്‍ പിന്മാറുമെന്ന് ശിവകുമാര്‍
ബെംഗളൂരു: സംസ്ഥാന പ്രസിഡന്റാക്കിയില്ലെങ്കില്‍ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ രംഗത്ത്. ശിവകുമാറിന്റെ ഈ സമ്മര്‍ദ തന്ത്രത്തിന് എഐസിസി പ്രസിഡന്റ് സോണിയ കീഴടങ്ങി എന്നാണ് സിദ്ധരാമയ്യ പക്ഷം ആരോപിക്കുന്നത്.
സിദ്ധരാമയ്യയെ ലക്ഷ്യമിട്ടായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം. അവര്‍ അവരുടെ രാഷ്‌ട്രീയം നടപ്പാക്കട്ടെ, തന്റെ കൃഷിസ്ഥലത്തെ ജോലികള്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകും എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ദേശീയ പദവി നല്‍കാമെന്ന് ചില എഐസിസി നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ പദവിയേക്കാള്‍ നല്ലത് തന്റെ മണ്ഡലത്തില്‍ കല്ലുടയ്‌ക്കാന്‍ പോകുന്നതെന്നായിരുന്നു അതിന് ശിവകുമാറിന്റെ മറുപടി.
പാര്‍ട്ടിയുടെ പല പ്രതിസന്ധിഘട്ടത്തിലും രക്ഷകനായ ശിവകുമാറിന്റെ പിന്മാറ്റം പാര്‍ട്ടിക്ക് ദോഷം വരുത്തുമെന്ന മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും സോണിയയുടെ ശക്തമായ തീരുമാനത്തിനു പിന്നിലുണ്ട്. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവരെ സിദ്ധരാമയ്യ അവഗണിക്കുന്നു, മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്ക് അമിത പരിഗണന ലഭിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ചില നേതാക്കള്‍ ഉന്നയിക്കുന്നു. സോണിയ അടക്കമുള്ള നേതാക്കളെ പരാതി നേരിട്ട് അറിയിച്ചു.
പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണയിലെത്താന്‍ അഹമ്മദ് പട്ടേല്‍, മധുസൂദനന്‍ മിസ്ത്രി എന്നിവര്‍ സംസ്ഥാനത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് സിദ്ധരാമയ്യയെ സോണിയ ദല്‍ഹിക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ ശിവകുമാറിനെതിരെയുള്ള എതിര്‍പ്പ് സിദ്ധരാമയ്യ തുടര്‍ന്നതോടെയായിരുന്നു സോണിയ പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: