മാണ്ഡൂക്യകാരികയുടെ നാലാമത്തെ അധ്യായമായഅലാതശാന്തിപ്രകരണത്തില് തുടക്കത്തില്‍തന്നെയുള്ള രണ്ടു ശ്ലോകങ്ങള്‍ ബുദ്ധസ്തുതി ആണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് അഞ്ചാം ശ്ലോകം വരെ
പരിശോധിക്കുമ്പോള്‍ ആശയസാദൃശ്യവും വ്യക്തമാണ് എന്നു ദാസ്ഗുപ്ത പറയുന്നു. ആ ശ്ലോകങ്ങള്‍ ഇവയാണ് ജ്ഞാനേനാകാശകല്പേന ധര്‍മ്മാന്‍ യോ ഗഗനോപമാന്. ജ്ഞേയാഭിന്നേന സംബുദ്ധസ്തം വന്ദേ ദ്വിപദാം വരം (1).
അസ്പര്ശയോഗോ വൈ നാമ സര്വസത്വസുഖോ ഹിതഃ അവിവാദോ അവിരുദ്ധശ്ച ദേശിതസ്തം നമാമ്യഹം(2). ഭൂതസ്യ ജാതിമിച്ഛന്തി വാദിനഃ കേചിദേവ ഹി. അഭൂതസ്യാപരേ ധീരാഃ വിവദന്തഃ പരസ്പരം (3). ഭൂതം ന ജായതേ കിഞ്ചിദഭൂതം നൈവ ജായതേ. വിവദന്തോ ദ്വയം ഹ്യേവമജാതിം ഖ്യാപയന്തി തേ (4). ഖ്യാപ്യമാനമജാതിം തൈഃ
അനുമോദാമഹേ വയം. വിവദാമോ ന തൈഃ സാര്ധം. അവിവാദം നിബോധത (5). ഇവയുടെ മലയാളത്തിലുള്ള അര്‍ത്ഥം (മൃഡാനന്ദസ്വാമിയുടെ മാണ്ഡൂക്യകാരികാ വ്യാഖ്യാനം) ഇപ്രകാരമാണ് ജ്ഞേയമായ സമുദ്രത്തില്‍ നിന്ന് അഭിന്നവും ആകാശതുല്യം സര്‍വവ്യാപകവുമായ ജ്ഞാനം കൊണ്ട് ആകാശതുല്യങ്ങളും സുസൂക്ഷ്മങ്ങളും ആയ ധര്മ്മങ്ങളെപ്പോലും അറിഞ്ഞിട്ടുള്ള നാരായണാഖ്യനായ ആ പുരുഷശ്രേഷ്ഠനെ ഞാന്‍ നമസ്കരിക്കുന്നു (1). എല്ലാ ജീവികള്‍ക്കും സുഖപ്രദവും ഹിതകരവും ആയിട്ടുള്ളതും വിവാദമോ വിരോധമോ ഇല്ലാത്തതുമായ അസ്പര്‍ശയോഗം ശാസ്ത്രങ്ങളില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നു. ഈ യോഗത്തെ ഞാന്‍ നമസ്കരിക്കുന്നു (2) ദ്വൈതികളില്‍ ചില വാദികള്‍ സാംഖ്യന്മാര് മുമ്പുള്ളതു തന്നെ വീണ്ടും ഉണ്ടാകുന്നതായി പറയുന്നു. എന്നാല്‍ സ്വയം ബുദ്ധിമാന്മാരാണെന്നഭിമാനിക്കുന്ന മറ്റു ചിലര്‍ വൈശേഷികന്മാരും നൈയ്യായികന്മാരും ഇല്ലാത്ത ഒരു വസ്തു ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഇങ്ങനെ അവര്‍ അന്യോന്യം വാദത്തിലേര്പ്പെട്ടുകൊണ്ടിരിക്കുന്നു (3). ഉള്ളതൊന്നും വീണ്ടും ജനിക്കുന്നില്ല. ഇല്ലാത്തത് ഒരിക്കലും ജനിക്കുകയുമില്ല. ഇങ്ങനെ അന്യോന്യം വാദിക്കുന്ന ഇവര്‍ ഉല്പത്തിയില്ലായ്മയേ ആണ് വെളിപ്പെടുത്തുന്നത് (4). അവര്‍ വെളിപ്പെടുത്തുന്ന ഉല്പ്പത്തിയില്ലായ്മയെ നമ്മള് അനുമോദിക്കുന്നു. അവരോടുകൂടി വാദിക്കുന്നില്ല. വിവാദരഹിതമായ പരമാര്ത്ഥദര്ശനത്തെ അറിയുവിന്‍ (5). മൃഡാനന്ദസ്വാമി ശാങ്കരഭാഷ്യപ്രകാരമുള്ള ശ്ലോകാര്ത്ഥങ്ങളാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ആദ്യശ്ലോകത്തിലെ പുരുഷശ്രേഷ്ഠന്‍ നാരായണനാണെന്നു വ്യാഖ്യാനിച്ചിരിക്കുന്നു. ഇതിനടിസ്ഥാനം ഒരു ഐതിഹ്യമാണ് ഭഗവാന് നരനാരായണന്മാരായി അവതരിച്ച് തപസ്സനുഷ്ഠിച്ചിരുന്ന ബദരികാശ്രമത്തില്‍ താമസിച്ച് ഗൗഡപാദാചാര്യര്‍ തപസ്സുകൊണ്ട് ഭഗവാനെ പ്രത്യക്ഷമാക്കിയെന്നും നാരായണരൂപിയായ ഭഗവാന് അദ്ദേഹത്തിന് അദ്വൈതജ്ഞാനം ഉപദേശിച്ചു എന്നും ഐതിഹ്യം പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: