തിരുവനന്തപുരം:സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2018 ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി വി രാജ പുരസ്‌കാരത്തിനു അത്‌ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി സി തുളസിയും അര്‍ഹരായി. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി പി ഔസേഫിനാണ്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
മികച്ച കായിക അധ്യാപകനുള്ള കോളേജ് തലത്തിലെ പുരസ്‌കാരത്തിനു കണ്ണൂര്‍ എസ് എന്‍ കോളേജിലെ ഡോ. കെ അജയകുമാര്‍ അര്‍ഹനായി. പാലക്കാട് മാത്തൂര്‍ സിഎഫ്ഡിഎച്ച്എസിലെ കെ സുരേന്ദ്രനാണ് മികച്ച കായിക അധ്യാപകനായി സ്‌കൂള്‍ തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ടത്. മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്‌കാരം ഇരിഞ്ഞാലക്കുട െ്രെകസ്റ്റ് കോളേജിനും സ്‌കൂളിനുള്ള പുരസ്‌കാരം പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിനുമാണ്. മികച്ച സ്‌പോര്‍ട്‌സ് പുസ്തകം ബി ടി സിജിന്‍, ഡോ. ആര്‍ ഇന്ദുലേഖ എന്നിവര്‍ രചിച്ച ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറിയാണ്. മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ ദേശാഭിമാനിയിലെ ജഗത്‌ലാലാണ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റിലെ ജോബി ജോര്‍ജും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായി ദീപികയിലെ തോമസ് വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങള്‍.
പ്രത്യേക പുരസ്‌കാരത്തിനു ബാഡ്മിന്റണ്‍താരം അപര്‍ണ ബാലന്‍, ദീപക് ധര്‍മടം, എസ് എച്ച് കോളേജിലെ കായികാധ്യാപകന്‍ ഡോ. കെ എ രാജു, എം എ ജാഫര്‍ ഖാന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
















