കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. 2017 ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നവിടങ്ങളില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട്ട് സംഭവത്തില്‍ കൊല്ലപ്പെട്ടത് ഇസ്മായില്‍ എന്ന വ്യക്തി ആണെന്നും ഇയാളെ കൊന്നത് ബ്രിജു എന്നയാളാണെന്നുമാണ് പോലീസ് കണ്ടെത്തിയത്.
കേസിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ- 2017ല്‍ മുക്കത്തിനു സമീപം കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഒരു കുട്ടി കുറ്റിക്കാട്ടിനു സമീപം തലയോട്ടി കാണുന്നു. ഇതു അമ്മയോട് പറഞ്ഞെങ്കിലും ആരോടും പറയേണ്ടെന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍, അടുത്ത ദിവസം സ്കൂളിലെത്തിയ കുട്ടി കൂട്ടുകാരനോട് ഇക്കാര്യം പറയുന്നു. കൂട്ടുകാരന് ഇതു അച്ഛനോട് പറയുകയും അദ്ദേഹം ഇതു മുക്കം പോലീസില്‍ അറിയിക്കുകയും ചെയ്തു. ഇതേസമയം, ചാലിയം ഭാഗത്ത് കോഴിയുടേത് ഉള്‍പ്പെടെ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാന്‍ ചില ചെറുപ്പക്കാര്‍ ആ പ്രദേശം വൃത്തിയാക്കുന്നതിനിടെ വലിയ ചാക്കു കെട്ട് ലഭിക്കുന്നു. ഇതു പന്നിയുടേത് ആണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് മനുഷ്യന്റേതാണെന്ന് കണ്ടെത്തുന്നു. ഇതും പോലീസ് അന്വേഷിക്കുന്നു. എന്നാല്‍, ആദ്യഘട്ടത്തില്‍ ആരുടെ മൃതദേഹം ആണെന്നു കണ്ടെത്താനാകുന്നില്ല. പിന്നീട് ഫോറന്‍സിക് സംഘം എത്തി ഹൈഡെഫിനിഷന്‍ വിരലടയാളം തയാറാക്കുന്നു. ഇതു കോഴിക്കോട്ടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചു നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശിയായ ഇസ്മായില്‍ എന്ന വ്യക്തിയുടേത് എന്ന് തെളിയുന്നു. ഇസ്മായില്‍ ചില കേസുകളില്‍ പ്രതിയായതിന്റെ രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതാണ് ഇതിനു സഹായകമായത്.
ഒടുവില്‍ ഇസ്മായില്‍ തന്നെയാണ് മരിച്ചതെന്നു തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണ്ടയിരുന്നതിനാല് അയാളുടെ വിശദാംശങ്ങള്‍ തേടി പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ക്ക് നാലു ഭാര്യമാര്‍ ഉണ്ടെന്നു പോലീസ് കണ്ടെത്തി. ഇതില്‍ ഒരു ഭാര്യയുടെ മകള്‍ മുക്കത്തെ ഒരു സ്കൂളില്‍ പഠിച്ചിരുന്നെന്ന് കണ്ടെത്തിയെങ്കിലും പത്താംക്ലാസിനു ശേഷം അവിടെ നിന്നു പോയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇസ്മായിലിന്റെ അമ്മയെ കണ്ടെത്തുന്നത്. അമ്മയെ ചികിത്സയുടെ ഭാഗം എന്നു വ്യക്തമാക്കി രക്തം ശേഖരിക്കുകയും പിന്നീട് മകനെ കാണാനില്ലെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചെന്നും അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി അവരുടെ സഹകരണത്തോടെ രക്തവും ശേഖരിച്ചു. ഈ പരിശോധനയില്‍ മരിച്ചത് ഇസ്മായിലാണെന്നു വ്യക്തമായി.
ഇസ്മായിലിന്റെ ഭൂതകാലത്തെ സംബന്ധിച്ചായി തുടര്‍ അന്വേഷണം. ഈ അന്വേഷണത്തില്‍ ഇസ്മായിലിനോട് ഒരു സുഹൃത്ത് 25,000 രൂപ ചോദിച്ചപ്പോള്‍ ഒരു ക്വട്ടേഷന്റെ പണം കിട്ടാനുണ്ടെന്നും അതു ലഭിച്ചാല്‍ തരാമെന്നു പറഞ്ഞതായും കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ ഒരു സ്ത്രീയെ ആണ് കൊന്നതെന്ന് ഇസ്മായില്‍ പറഞ്ഞെന്നും തെളിഞ്ഞു. ഇതോടെ ആ കാലഘട്ടത്തില്‍ കോഴിക്കോടും അയല്‍ജില്ലകളിലും സ്ത്രീകള്‍ മരിച്ചതുമായ കേസുകള്‍ പോലീസ് ശേഖരിച്ചു. ഇതില്‍ ഒരു സ്ത്രീ അസ്വാഭികമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചെന്നു കണ്ടെത്തി. ഇതു ആ ഭാഗത്തെ വലിയ ഒരു ഭൂ ഉടമയുടെ ഭാര്യയായിരുന്നു. ഇവരുടെ മകനാണ് കേസിലെ പ്രധാനപ്രതി ബ്രിജു. ഭൂ ഉമടയായ അച്ഛന് നല്കിയ സ്വത്തുക്കളെല്ലാം വിറ്റതിനു ശേഷം അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ക്കായി ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ബ്രിജുവിന്റെ സുഹൃത്തായിരുന്നു ഇസ്മായില്‍. ഇസ്മായില്‍ വഴി അമ്മയില്‍ നിന്നു പലിശയ്ക്കു പണവും ബ്രിജു വാങ്ങിയിരുന്നു. അമ്മയെ കൊന്ന് സ്വത്തുക്കള്‍ സ്വന്തമാക്കായില്‍ നല്ലൊരു തുക ബ്രിജു ഇസ്മായിലിനു വാഗ്ദാനെ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രിജുവിന്റെ അമ്മയെ ഇരുവരും ചേര്‍ന്ന് കൊന്നു കെട്ടിത്തൂക്കിയത്. തുടര്‍ന്ന് സ്വത്തുക്കള്‍ ബ്രിജുവിനു സ്വന്തമായി. ഈ സ്വത്തുക്കല്‍ വില്ക്കുത്തതിന്റെ ഭാഗമായി അഡ്വാന്‍സായി 10 ലക്ഷം രൂപ ലഭിച്ചതറിഞ്ഞ് ഇസ്മായില്‍ ബ്രിജുവിനെ സമീപിച്ചെങ്കിലും നല്കാന് കൂട്ടാക്കിയില്ല. ഇസ്മായില്‍ നിരന്തരം പണം ആവശ്യപ്പെട്ടതോടെ അമ്മയെ കൊന്ന അതേ വീട്ടിലേക്ക് ഇസ്മായിലിനു വിളിച്ചു വരുത്തി മദ്യസത്കാരം നടത്തി. മദ്യപിച്ചു കിടന്നുറങ്ങിയ ഇസ്മായിലിനെ കയര്‍ കഴുത്തില്‍ കുരുക്കി ബ്രിജു കൊന്നു. പിറ്റേന്ന് രാവിലെ ചാക്കുകളും സര്‍ജിക്കല്‍ ബ്ലെയ്ഡുകളുമായി എത്തി മൃതദേഹങ്ങള്‍ പലതായി മുറിച്ചു. ഇയാള്‍ വേട്ടയുടെ ഭാഗമായി പന്നികളേയും മറ്റും കൊന്നു മുറിച്ച് നല്ല പരിചയമുള്ള വ്യക്തിയായിരുന്നു. തുടര്‍ന്ന് പല ചാക്കുകളിലാക്കി പലയിടങ്ങളില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് ഈ വീടു വിറ്റു അവിടെ നിന്നു രക്ഷപെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഈ വസ്തുക്കള്‍ വിറ്റ ആധാരത്തില്‍ നിന്നാണ് ബ്രിജുവിന്റെ ചിത്രം ലഭിച്ചത്. മറ്റു വിവരങ്ങളൊന്നും ലഭ്യമായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് രേഖാചിത്രം അയച്ചു നല്കി. സോഷ്യല്‍ മീഡിയയിലും ചിത്രം പ്രചരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ ഒരു സ്ഥലത്ത് ഈ വ്യക്തിയെ കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് തമിഴ്നാട് അതിര്‍ത്തിയില്‍ ഒരു വലിയ തോട്ടത്തില്‍ ചെറിയ വീട്ടിനുള്ളില്‍ ഇയാളുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാളെ പിന്തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ തന്നെയാണ് കൊലയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: