തിരുവനന്തപുരം: ബ്ലോക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്സ്, മെഷീന് ഇന്റലിജന്‍സ്, ജിയോ സ്പേഷ്യല്‍ അനലിറ്റിക്സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് തുടങ്ങി വിപ്ലവാത്മകമായ വിവര സാങ്കേതികവിദ്യകളെക്കുറിച്ച് കേരളം കേള്‍ക്കുമ്പോള്‍ തന്നെ അവയില്‍ പഠനത്തിനും ഗവേഷണത്തിനും തുടക്കമിട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) യ്ക്ക് ഡിജിറ്റല്‍ സര്‍വകലാശാല പദവി ഇരട്ടിമധുരം.
ഐടിയില്‍ ഉന്നതപഠനവും ഗവേഷണവും സാധ്യമാക്കുന്ന രാജ്യാന്തര നിലവാരമുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ടെക്നോസിറ്റിയിലുള്ള വിശാലമായ ക്യാമ്പസിലേയ്ക്ക് വൈകാതെ മാറാനിരിക്കെയാണ് സര്‍വകലാശാലാ പദവി. ഇപ്പോള്‍ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായാണ് ഐഐഐടിഎം-കെ പ്രവര്‍ത്തിക്കുന്നത്.
വിവരസാങ്കേതികവിദ്യയില്‍ പഠനവും ഗവേഷണവും മാത്രമല്ല മാനേജ്മെന്റ് വൈഭവവും ഐഐഐടിഎം-കെയ്ക്ക് സ്വന്തമായുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഐടി മേഖലയിലെ മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനു മാത്രമല്ല, സ്വയം തൊഴില്‍ കണ്ടെത്താനുള്ള ഇന്‍കുബേഷന്‍ സൗകര്യവും ഇവിടെ ലഭ്യമാണ്. ഗവേഷണ പരിപാടികളും അധ്യയനത്തിലെ വിനിമയ പരിപാടികളിലും ബഹുരാഷ്ട്ര കമ്പനികളായ ഐബിഎം, ടിസിഎസ്, ഒറാക്കിള്‍, ജിഇ തുടങ്ങിയവയുമായി ഐഐഐടിഎം-കെ സഹകരിക്കുന്നുണ്ട്.
കേരളത്തിലെ ഏക ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജ് ഈ സ്ഥാപനത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലാ പദവി മേക്കര്‍ വില്ലേജിനും അനുഗ്രഹമാകും.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെയാണ് ഇപ്പോള്‍ കോഴ്സുകള്‍ നടത്തുന്നത്. പുതിയ സര്‍വകലാശാലയാകുന്നതോടെ സ്വന്തമായി കോഴ്സുകള്‍ നടത്തി ബിരുദങ്ങള്‍ നല്‍കാനാവും. കേരളത്തില്‍ ഐടി മേഖലയില്‍ ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണ്.
അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസിന്െറ പണിയാണ് ടെക്നോസിറ്റിയില്‍ പൂര്‍ത്തിയാകുന്നത്. യു.ജി.സി, എ.ഐ.സി.ടി.ഇ എന്നിവയുടെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള ഹരിത ക്യാമ്പസാണിത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം ഓപ്പണ്‍ എയര്‍ വേദികള്‍, പരീക്ഷാനിരീക്ഷണങ്ങള്ക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം പുതിയ ക്യാമ്പസില്‍ ഉണ്ടാകും.
ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ദേശീയതലത്തില്‍ വരെ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണ് ഇതിനോടകം ഐഐഐടിഎം-കെ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്.
- കാപ്പി കര്‍ഷകര്‍ക്ക് മണ്ണിന്റെ ഗുണമേډയും പോഷകമൂല്യവും സംബന്ധിച്ച വിവരശേഖരണത്തിനും നിര്‍വഹണത്തിനുമായുള്ള സംവിധാനമായി ക്ഷേമമായ (കാപ്പി സോയില്‍ ഹെല്‍ത്ത് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ്) എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷന്‍.
- അത്യന്താധുനിക സാങ്കേതികവിദ്യയിലൂടെ ജലശുദ്ധി പരിശോധിച്ച് തത്സമയ ഫലം തരുന്ന നിര്‍വഹണ സംവിധാനമായ ‘സ്വച്ഛ്പാനി’.
- വിവരസാങ്കേതികരംഗത്ത് സംസ്ഥാനത്ത് സ്ഥാപിക്കുന്ന നോളജ് ഹബ്ബിന്റെ ഗതിനിര്‍ണയ സ്ഥാനം. ഇതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, ഡീപ് ലേണിംഗ്, ബിഗ് ഡേറ്റ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കോഗ്നിറ്റിവ് അനാലിസിസ്, സൈബര്‍ യുഗത്തില്‍ നിര്‍ണായകമായ വിവരസുരക്ഷ ഒരുക്കുന്ന സൈബര്‍ സെക്യൂരിറ്റി, വിവര കൈമാറ്റ രംഗത്ത് വികേന്ദ്രീകരണത്തിന്റെ നൂതനമാതൃകയായ ബ്ലോക് ചെയിന്‍ എന്നിവയില്‍ നേതൃത്വം.
- സ്വന്തം മണ്ണില്‍ എന്ത് വിളയുമെന്ന് അറിയുന്നതിലും എങ്ങനെ വളം ചേര്‍ക്കണമെന്നു തീരുമാനിക്കുന്നതിലും കര്‍ഷകരെ സഹായിക്കാന്‍ ‘മണ്ണ്’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.
- കേരളത്തിലെ ആദിവാസികള്‍ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന് അഭിമാനിക്കപ്പെട്ടിരുന്ന അമൂല്യമായ പല അറിവുകളും വീണ്ടെടുക്കാനുള്ള പഠനം. ഇത് പാര്‍ലമെന്റില്‍ വരെ പരാമര്‍ശിക്കപ്പെട്ടു.
- ഇന്ത്യയിലെ ആദ്യ ബ്ലോക് ചെയിന്‍ അക്കാദമി .
- ഡല്‍ഹി ഐഐടിയില്‍ നടത്തിയ ഓപ്പണ്‍ ഇന്നവേഷന്‍ ബ്ലോക് ചെയിന്‍ ഹാക്കത്തണില്‍ ബ്ലോക് ചെയിന്‍ അക്കാദമിക്ക് മികവിനുള്ള പുരസ്കാരം.
- ബ്ലോക് ചെയിന്‍ അക്കാദമി(കെബിഎ)ക്ക് ലിനക്സ് ഫൗണ്ടേഷന്റെ ഹൈപ്പര്ലജര് പദ്ധതിയില്‍ അംഗത്വം. ലിനക്സ് ഹൈപ്പര്ലജര് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനം.
- പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഒരേ കേന്ദ്രത്തില്‍നിന്ന് ഡിജിറ്റല്‍ ലോക്കറിലൂടെ ലഭ്യമാക്കാന്‍ കേരളത്തിലുടനീളം അദാലത്ത് നടത്തി നേടിയ പ്രശംസ.
- നൂതനാശയങ്ങള്‍ രേഖപ്പെടുത്താനായി രൂപം നല്കിയ വെര്‍ച്വല്‍ ഇന്നവേഷന്‍ രജിസ്റ്ററിന് (വിഐആര്‍) ഗോവ സര്‍ക്കാരിന്റെ സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ അംഗീകാരം.
- കാര്‍ഷിക പ്രശ്നങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം.
- ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയിലെ ഹൈപ്പര്‍ലെഡ്ജര്‍ ഫ്രെയിംവര്‍ക്കുകളിലും ടൂളുകളിലും പരിശീലനം നല്‍കുന്നതിന് അമേരിക്ക ആസ്ഥാനമായ ലിനക്സ് ഫൗണ്ടേഷന് അംഗീകാരം.
- കേരള ബ്ലോക് ചെയിന്‍ അക്കാദമിയുടെ കീഴിലുള്ള ബ്ലോക് ചെയിന്‍ ഇന്നൊവേഷന് ക്ലബ്ബുകള്‍ക്ക് സൈപ്രസിലെ നിക്കോഷ്യ സര്‍വകലാശാല, സൈപ്രസിലെതന്നെ ബ്ലോക് ചെയിന്‍ സ്റ്റാര്‍ട്ടപ്പായ ബ്ലോക്.കോ എന്നിവയുമായി സഹകരിച്ച് കെബിഎഐസി-ഡിസെന്‍ട്രലൈസ്ഡ് ഇന്ത്യ ചാപ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: