ബാഗ്ദാദ്: ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും റോക്കറ്റാക്രമണം. രണ്ട് ഇറാഖി സൈനികർക്ക് പരിക്കേറ്റു. വടക്കൻ ബഗ്ദാദിലെ അൽ താജി യു.എസ് സൈനിക ക്യാമ്പിലാണ് ബുധനാഴ്ച പുലർച്ചെ റോക്കറ്റുകൾ പതിച്ചത്. ഇവിടെ ഒട്ടേറെ അമേരിക്കൻ സൈനികർ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ അമേരിക്കൻ സൈനികർക്ക് പരിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ബാഗ്ദാദിൽ നിന്നും 85 കിലോമീറ്റർ അകലെയാണ് അൽ താജി സൈനിക ക്യാമ്പ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാഖിൽ ഏറ്റവും കൂടുതൽ വിദേശ സൈനികരുള്ള മിലിറ്ററി ക്യാമ്പാണിത്. ആക്രമണം മുൻകൂട്ടി അറിയാൻ സാധിക്കാത്തത് അധികൃതരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇനിയും ശക്തമായ ആക്രമണം അമേരിക്കൻ സൈനികർക്ക് നേരെയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
യു.എസ് സൈന്യം മേഖല വിടും വരെ ആക്രമണം തുടരുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് സൈനികർക്ക് വല്ലതും സംഭവിച്ചാൽ തങ്ങളുടെതായ നിലക്ക് അതവസാനിപ്പിക്കാൻ അറിയുമെന്നായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെ ഇറാന് നൽകിയ താക്കീത്.
അതിനിടെ, യു.എസ് സൈന്യം ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ വിവിധ കൂട്ടായ്‌മകൾ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: