കാഞ്ഞങ്ങാട്: നിയമമായി പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതി ബില്ലിനെതിരെ കാഞ്ഞങ്ങാട് നഗരസഭ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം നഗരസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭ ഭരണവുമായോ പൊതുജന താല്പര്യമുള്ള വിഷയങ്ങളോ മാത്രമേ അടിയന്തിര പ്രധാന്യത്തോടെ അവതിപ്പിക്കാന്‍ ചട്ടമുള്ളു. സുപ്രീംകോടതിയുടെ പരിഗണയിലുള്ള ഒരു വിഷയത്തെ എതിര്‍ത്ത് നഗരസഭ പ്രമേയം പസാക്കാന്‍ പാടില്ല. ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന് എതിരുമാണ്. മാത്രമല്ല മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപത്തിന് പ്രേരണ ചെലുത്തുന്നതുമായ വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ പാടില്ലാത്തതാണ്. കൃത്യ നിര്‍വ്വഹണത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് നിക്ഷിപ്തമായ അധികാരം ദുര് വിനിയോഗം ചെയ്തിരിക്കുകയാണ്. പ്രമേയം അവതരിപ്പിച്ചത് തന്നെ തെറ്റാണ്. രാഷ്ട്രീയ താല്പര്യം നോക്കി കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയം തള്ളിക്കളയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ശ്രീകാന്ത് പറഞ്ഞു.
പ്രമേയത്തെ എതിര്‍ത്ത ബിജെപി കൗണ്‍സിലര്‍മാരെ പ്രതികാര നടപടിയെന്നവണ്ണം സസ്പെന്റ് ചെയ്തത് അധികാര പരിധിയുടെ ലംഘനമാണ്. മുസ്ലീം സമുദായ സംരക്ഷകനെന്ന രാഷ്ട്രീയ ചെപ്പടി വിദ്യയിലൂടെ എതിര് ശബ്ദത്തെ ഇല്ലാതാക്കാമെന്ന മത്സരം നല്ലതിനല്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിഭാഗീയ, വര്‍ഗീയ ചിന്താഗതി, ദേശവിരുദ്ധത, തീവ്രവാദ ചിന്താഗതി എന്നിവ നിഷ്കളങ്കരായ കുട്ടികളില്‍ വഴിവിട്ട് ചിന്തിപ്പിക്കുന്നതിന് വളമിടുകയാണ്. ഭൂരിപക്ഷ സമുദായത്തെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ കൂടി ഇല്ലാത്ത കെട്ടുകഥകള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് കുറ്റകരമായ വീഴ്ചയാണ്. അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്ത് നിയമ വിരുദ്ധമായി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാന ഭരണ സമിതികള്‍ക്കെതിരെ ബിജെപി പരാതി നല്‍കും. സര്‍ക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പരാതി നല്‍കുന്നത്. ഇവ പരിശോധിച്ച് സര്‍ക്കാര്‍ പ്രമേയം തള്ളണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്, സെക്രട്ടറിയും കൗണ്‍സിലറുമായ എം.ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു, കൗണ്‍സിലര്‍മാരായ സി.കെ.വത്സലന്‍, എച്ച്.ആര്.സുകന്യ, വിജയാമുകുന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: