കൊച്ചി: ഭരണാധികാരികളിലും രാഷ്‌ട്രീയക്കാരിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുണ്ടോയെന്ന് ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. പോലീസ് മേധാവികളായിരുന്ന ഡോ.ടി.പി. സെന്‍കുമാറും ഡോ. ജേക്കബ് പുന്നൂസും പങ്കുവച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ഉദ്ധരിച്ച് ഫാ. വള്ളിക്കാട്ട് ഫേസ്ബുക്ക് പോസ്റ്റിലാണ് ആശങ്ക പ്രകടിപ്പിച്ചത്.
കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്രാപിക്കുന്നതായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്, മുന്‍ ഡിജിപി സെന്‍കുമാര്‍ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തീവ്രവാദ സംഘടനകള്‍ക്ക് വില്‍സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
സെന്‍കുമാറിനെ ‘സംഘി’ യെന്നു വിളിച്ച് അധിക്ഷേപിക്കുന്നവരും അദ്ദേഹത്തെ പോലീസ് മേധാവിയാക്കിയതില്‍ പരിതപിക്കുന്നവരും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുതകളില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചോദിച്ചു.
സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യമാണ് ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം വയ്‌ക്കുന്നതെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിക്കുന്നതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇപ്പോള്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് ഓഫീസറെ ഭീകരര്‍ വെടിവച്ചു വീഴ്‌ത്തിയിരിക്കുന്നു. പോലീസിന്റെയോ രഹസ്യാന്വേഷണ ഏജന്‍സികളുടെയോ റിപ്പോര്‍ട്ടുകളനുസരിച്ചല്ല, ഭരണം നടത്തുന്നവരുടെ രാഷ്‌ട്രീയ നിലപാടുകളനുസരിച്ചുവേണം ആഭ്യന്തര വകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടതെന്ന് ഭരണകക്ഷിയുടെ ഒരു നേതാവ് പറഞ്ഞു.
രാഷ്‌ട്രീയ നേതൃത്വം പൂഴ്‌ത്തിവച്ച ചില പോലീസ് റിപ്പോര്‍ട്ടുകളെക്കുറിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസും ഈയിടെ തുറന്നു പറഞ്ഞിരുന്നു. തൊണ്ണൂറുകളില്‍ സംസ്ഥാനത്തു നിരവധി കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടത്തിയ ‘പുണ്യാത്മാക്കളുടെ കൂട്ടായ്‌മ’ (ജം ഇയ്യത്തുല്‍ ഇസ്ഹാനിയ) എന്ന രഹസ്യ സംഘടനയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടാന്‍ കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നിടം വരെ അതെത്തിയിട്ടും, സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച ചെറുപ്പക്കാരുടെ മൃതശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിനോട് സൈന്യം ആവശ്യപ്പെടുന്നതുവരെ, കേരളത്തില്‍ തീവ്രവാദമുണ്ടെന്ന് അംഗീകരിക്കാന്‍ ഇവിടത്തെ രാഷ്‌ട്രീയ നേതൃത്വം തയാറല്ലായിരുന്നുവെ ന്ന് ചൂണ്ടിക്കാട്ടിയതും മുന്‍ ഡിജിപി ജേക്കബ് പുന്നൂസാണ്. പോലീസ് റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില എന്നു വാശിപിടിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തെ ഇനിയും നമുക്ക് വിശ്വസിക്കാമോ, കെസിബിസി വക്താവ് ചോദിച്ചു.
കശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്‌ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ? ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു.
















