കോഴിക്കോട്: ദേശീയ പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന പൊതുയോഗങ്ങള്‍ക്ക് മുന്നോടിയായി കടകള്‍ അടയ്ക്കാന്‍ ആഹ്വാനം നല്കിയ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാടി പട്ടണത്തിലാണ് ബിജെപി പൊതുയോഗത്തിന് മുമ്പ് കടകളടച്ചത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് കുറ്റ്യാടി പോലീസ് സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ ബിജെപി സംഘടിപ്പിച്ച രാഷ്ട്രരക്ഷാസംഗത്തിന് മുന്നോടിയായാണ് കടകളടച്ചത്. അപ്രതീക്ഷിതമായ കടയടപ്പ് നിത്യേന സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ വലച്ചു. ഇവര്‍ക്കെതിരെ കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ഭാഗമായി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ മതമൗലികവാദശക്തികളുടെ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ കടകള്‍ ബഹിഷ്കരിക്കണമെന്നും അവര്‍ക്ക് തൊഴില്‍ നിഷേധിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണം നടക്കുകയാണ്. കേരളത്തില്‍ വ്യാപകമായി പ്രചാരത്തിലുള്ള ഉത്പന്നങ്ങളടക്കം ബഹിഷ്കരിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം.
കൊടുവള്ളി മണ്ഡലത്തില്‍ ഒരു പെട്രോള്‍ പമ്പ് ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടക്കുന്നുണ്ട്. നാദാപുരം, കുറ്റ്യാടി, മുക്കം എന്നീ മേഖലകളില്‍ തൊഴില്‍ നിഷേധിക്കണമെന്ന് തീവ്രവാദ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ദീര്‍ഘകാലമായി തൊഴിലെടുക്കുന്നവരെപോലും അകാരണമായി പിരിച്ചുവിടുന്ന സ്ഥിതിയുമുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ വീട്ടില്‍ കയറ്റരുതെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും വ്യാപകമായി പതിക്കുന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: