മകരവിളക്കും മകരജ്യോതിയും ഒന്നുതന്നെയെന്ന അബദ്ധധാരണ വലിയൊരു വിഭാഗം ജനങ്ങളിലുമുണ്ട്. പൊന്നമ്പലമേട്ടില്‍ നടത്തുന്ന കര്‍പ്പൂരാരാധനയാണ് മകരവിളക്ക്. പൊന്നമ്പലമേട്ടില്‍ ഒരു കാലത്ത് ജ്യോതിദര്‍ശന സമയങ്ങളില്‍ ദേവന്മാരും പിന്നീട് മഹര്‍ഷിമാരും അതിനുശേഷം അരയന്മാരായ വനവാസികളുമാണ് കര്‍പ്പൂരാരതി നടത്തിയിരുന്നത്. ഡാം നിര്‍മാണത്തിന്റെ ഭാഗമായി അരയന്മാരെ കുടിയൊഴിപ്പിച്ചതോടെ ഈ ജോലി വൈദ്യുതി വകുപ്പ് ഏറ്റെടുത്തു.
പൊന്നമ്പലമേട്ടില്‍ ഇന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ ഏറെയൊന്നും കാണാനാകില്ല. ശ്രീചക്രം ആലേഖനം ചെയ്ത ഒരു കരിങ്കല്‍ പീഠം മാത്രമാണുള്ളത്. മകരജ്യോതി എന്തെന്നു മനസ്സിലാക്കുക പ്രയാസമാണ്. അതിന് പ്രപഞ്ച -മനുഷ്യഘടനകളേയും അവ തമ്മിലുള്ള ബന്ധത്തെയും മനസ്സിലാക്കണം. മനുഷ്യശരീരത്തെ നേത്രങ്ങള്‍ കൊണ്ട് കാണാനാകുന്നതിനുമപ്പുറം വലുതാക്കിയെടുത്താല് ഈശ്വരപരമായി വിരാട് പുരുഷന് എന്ന അവസ്ഥയിലെത്തുന്നു. വിരാടായ ഇൗശ്വരഭാവത്തില് നിന്നും പ്രപഞ്ചത്തെ ചെറുതാക്കി ചെറുതാക്കി കൊണ്ടു വന്നാല്‍, അംഗപ്രത്യംഗങ്ങളുള്ള മനുഷ്യശരീരമാകുന്നതായി കാണാം. മനുഷ്യശരീരത്തില്‍ വിശ്വന് -തൈജസന്‍-പ്രാജ്ഞന്‍ എന്നീ അവസ്ഥകള്‍, പ്രകൃതിയില്‍ വിരാട്- ഹിരണ്യഗര്ഭന് -പരാ എന്നീ നാമത്തില്‍ അറിയപ്പെടുന്നു.
അതിസൂക്ഷ്മതലത്തില്‍, മനുഷ്യശരീരത്തില്‍, ഷഡാധാര ചക്രങ്ങളാകുന്ന നാഡീകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. നട്ടെല്ലിനുള്ളില്‍ ചെമ്പരത്തി പൂവിനുള്ളിലെ നൂലു പോലുള്ള സുഷുമ്നാ നാഡിയില്‍ നിന്നും തുടങ്ങി ഓറായുടെ പുറം വരെ ഒരു നാദസ്വരത്തിന്റെ ആകൃതിയില്‍ ആധാരചക്രങ്ങള്‍ സ്ഥിതി ചെയ്യുന്നു.
മനുഷ്യശരീരത്തിന് അതിസൂക്ഷ്മതലത്തിലുള്ളതും, കാണപ്പെടുന്ന ശരീരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് ഇഞ്ച് അകലെ വരെയും, ബയോപ്ലാസ്മയാല് നിര്‍മിതമായ ഒരു സൂക്ഷ്മശരീരം നിലവിലുണ്ട്. ഇതിലൂടെയാണ് ‘ജീവശ്ശക്തി പ്രവാഹം’ നടക്കുന്നത്. ഷഡാധാരങ്ങളില്‍ നട്ടെല്ലിന്റെ ഏറ്റവും താഴെ വരുന്ന മൂലാധാര ചക്രത്തില്‍ പരാശക്തി, കുണ്ഡലിനീ ഭാവത്തില്‍ മൂന്നര ചുറ്റായി സര്പാകൃതിയില് സ്ഥിതി ചെയ്യുന്നു. ഈ ശക്തി വിശേഷത്തെ ഉണര്‍ത്തിയുണര്‍ത്തി പരമപദമായ സഹസ്രാരപത്മസ്ഥിതനായ പരമേശ്വരനുമായി യോഗം ചെയ്യുന്നതാണ് യോഗശാസ്ത്രം വിഭാവനം ചെയ്യുന്ന പരമമായ ‘ലയയോഗം’. കുണ്ഡലിനിയുടെ ഉണര്‍വ് പലവിധ സിദ്ധി ശക്തികള്‍ ഒരാള്‍ക്ക് പ്രദാനം ചെയ്യുന്നു.
മകര സംക്രമത്തോടെ സൂര്യന്റെ ഉത്തരായനം തുടങ്ങുകയാണ്. മകരസംക്രമം ദേവന്മാരുടെ ബ്രാഹ്മമുഹൂര്‍ത്തമാണ്. കുണ്ഡലിനിയുടെ ഉദ്ധാരണത്തിന് അനുയോജ്യമാണ് ഈ സമയം. മകരസംക്രമവേളയില്‍ പ്രകൃതിയായ വിരാട് ശരീരത്തിലെ കുണ്ഡലിനി ഉദ്ധാരണമാണ് ‘മകരജ്യോതി’. ഇതൊരു ജ്യോതിയോ, ഈ മുഹൂര്‍ത്തത്തില്‍ ഉദിച്ചുയരുന്ന നക്ഷത്രമോ ആകാം. ഏതാനും നിമിഷത്തേക്കു മാത്രമേ മകരജ്യോതിസ്സ് കാണാനാകൂ. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടുകൂടിയാണിത്. മകരജ്യോതിയില്‍ നിന്ന് വ്യത്യസ്തമായി പൊന്നമ്പലമേട്ടിലെ ദീപോജ്വലനത്തിന് കര്‍പ്പൂരദീപത്തിന്റെ നിറമാണുള്ളതെന്ന് വ്യക്തമാകും.
ഫോണ്‍: 9446376145
പ്രതികരിക്കാൻ ഇവിടെ എഴുതുക: