റാന്നി: മണ്ഡല മകരവിളക്ക് ദിനം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ച് കൊണ്ട് പോകുന്ന പരമ്പരാഗത പാതയില്‍ സാമൂഹികവിരുദ്ധര്‍ കോഴി ഇറച്ചി അവശിഷ്ടങ്ങള്‍ തള്ളി. തിരുവാഭരണപാതയായ മന്ദിരം-വടശ്ശേരിക്കര റോഡിലെ ഇടക്കുളത്താണ് ഇറച്ചി മാലിന്യങ്ങള്‍ തള്ളിയത്. തുടര്‍ന്ന് തിരുവാഭരണം വരുന്നതിന് മുമ്പ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പാത കഴുകി വൃത്തിയാക്കുയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. ഇറച്ചി മാലിന്യങ്ങള്‍ തിരുവാഭരണ പാതയില്‍ തള്ളിയതിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ ഇതുവഴിയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയത്. ഇന്നലെ തന്നെ ഇതുവഴി അയ്യപ്പ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. മാലിന്യം തള്ളിയ വിവരം നാട്ടുകാര്‍ വടശ്ശേരിക്കര പഞ്ചായത്തധികൃതരെ അറിയിച്ചു.പഞ്ചായത്തംഗങ്ങളായ മണിയാര്‍ രാധാകൃഷ്ണന്, ഉഷാ സജി എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരും ചേര്‍ന്ന് ലോറിയില്‍ വെള്ളമെത്തിച്ച് ഇവിടെ വൃത്തിയാക്കുകയായിരുന്നു. തിരുവാഭരണ പാതയരികില്‍ രണ്ടുദിവസം മത്സ്യമാംസാദികള്‍ വില്‍ക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇന്നലെയും ഇന്നും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം. പഞ്ചായത്തിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു അതിന് പിന്നാലെയാണ് പാതയില്‍ ഇറച്ചിമാലിന്യങ്ങള്‍ തള്ളിയത്. ഇതിന്റെ പ്രകോപനമാണ് ഇറച്ചി മാലിന്യങ്ങള്‍ തള്ളിയതിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്ന് ളാഹ വനം വകുപ്പ് സത്രത്തില്‍ തങ്ങുന്ന തിരുവാഭരണ ഘോഷയാത്ര നാളെ ശബരിപീഠം വഴി ശരംകുത്തിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: