കണ്ണൂര്‍: ജീവിതകാലം മുഴുവന്‍ ഭാരതീയദര്‍ശനങ്ങളുടെ നിത്യവിചാരത്തിലൂടെ നേടിയെടുത്ത ശക്തിയാല്‍ കര്‍മ്മരംഗത്തെ പ്രോജ്ജ്വലമാക്കിയ വ്യക്തിത്വമാണ് ദത്തോപാന്ത് ഠേംഗ്ടിജിയുടേതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ ‘ദത്തോപാന്ത് ഠേംഗ്ടിജി ജീവിതം ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖ പണ്ഡിതനായ ഠേംഗ്ടിജി പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പുരുഷനാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ദേശസ്നേഹം ഉള്‍ക്കൊണ്ട് കര്‍മ്മ രംഗത്ത് വന്ന അദ്ദേഹം രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്കുകയുണ്ടായി. രാജ്യത്തെ തൊഴിലാളികള്‍ക്കിടയില്‍ ആദ്യമായി ദേശീയബോധം പകര്‍ന്നു നല്കിയ മികച്ച സംഘാടകനും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പുതിയ കാലഘട്ടത്തില്‍ വളരെയധികം പ്രസക്തിയുണ്ട്.
സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ മാനുഷികതയുടെ, മാനവികതയുടെ മുഖം നഷ്ടമാവുകയാണ്. വികാരങ്ങളെ, ബൗദ്ധിക പ്രക്രിയകളെവരെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ്. മുന്നേറ്റം ആവശ്യമാണ്. എന്നാല്‍ അത് മനുഷ്യന് വേണ്ടിയായിരിക്കണം. ജീവിതത്തിന്റെ ഊടുംപാവും നഷ്ടമാവരുത്. ഇതില്‍ നിന്നും മോചനം ആവശ്യമാണ്. അഹിംസയുടേയും ധര്‍മ്മത്തിന്റെയും സൃഷ്ടിയാകണം ശാസ്ത്ര-സാങ്കേതിക മുന്നേറ്റം. ആത്മീയ സാങ്കേതികത എന്ന ആശയം പ്രാവര്‍ത്തികമാക്കേണ്ടതായിട്ടുണ്ട്. പാശ്ചാത്യ ആശയങ്ങളെ സ്വീകരിക്കുമ്പോള്‍ കാലാനുകൂലവും ദേശാനുകൂലവും ആക്കി മാറ്റണം. ഭാരതം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പുത്തന്‍ കമ്മ്യൂണിസത്തിന്റെ അക്രമമാണ്. സമാനതയും സാമ്യതയും അവകാശപ്പെടാനാവാത്ത കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഠേംഗ്ഡിജിയുടെ ഗ്രന്ഥങ്ങളുടെ പഠനങ്ങളിലൂടെ നമുക്ക് പരിഹാരം നേടാന്‍ സാധിക്കും. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഭാരതത്തിന്റെ തനതായ പ്രത്യയശാസ്ത്രം മുന്നോട്ടുവെയ്ക്കാന്‍ സാധിക്കണം. ഭാരതത്തിന്റേതായ മൂന്നാം മാര്‍ഗ്ഗമാണ് ടേംഗ്ഡിജി മുന്നോട്ടുവെച്ചത്. എല്ലാ മേഖലകളെക്കുറിച്ചും പഠിക്കുകയും അറിയുകയും അവയെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്ത ഠേഗ്ഡിജിയുടെ ജീവിതവും ജീവിതദര്‍ശനങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആര്. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: