ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന: പരിശോധന ഹര്‍ജികള്‍ ഒന്‍പത് അംഗ ബെഞ്ച് കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കേസ് പരിഗണിച്ച് അഞ്ചംഗ ബെഞ്ച് മുന്നോട്ടു വച്ച ഏഴു വിശാല ചോദ്യങ്ങള്‍ മാത്രമാണ് വിശാല ബെഞ്ച് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ്. കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായത്. ശബരിമല കേസ് പരിണഗിക്കവേയാണ് മതവുമായി ബന്ധപ്പെട്ട മറ്റു ചില കേസുകളും അഞ്ചംഗ ബെഞ്ച് മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് ഏഴുചോദ്യങ്ങള്‍ ഇവയായിരുന്നു.
1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം. 2. മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ ‘പൊതുക്രമം, ധാര്‍മികത, ആരോഗ്യം’ എന്നിവ വിവക്ഷിക്കുന്നത് എന്താണ്? 3. ‘ധാര്‍മികത’, ‘ഭരണഘടനാ ധാര്‍മികത’ എന്നീ പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാര്‍മികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ? 4. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ? 5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി)യില്‍ പറയുന്ന ‘ഹൈന്ദവ വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്? 6. ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്ക്’ ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ? 7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാല്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?
ഇതിന് പുറമെ 1965ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയവും വിശാല ബെഞ്ചിന് പരിഗണിക്കാം എന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നു കേസ് പരിഗണിച്ച വിശാല ബെഞ്ച് ശബരിമല യുവതീപ്രവേശനവുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു ഹര്‍ജികളെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ, ഏഴു വിഷയങ്ങളില്‍ വിശാല ബെഞ്ച് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചാകും ശബരിമല പുന: പരിശോധന ഹര്‍ജികള്‍ മറ്റൊരു ബെഞ്ച് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: