കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമ ഭേദഗതി ജനങ്ങള്‍ക്ക് പൗരത്വം നല്കാനുള്ളതാണ്, തട്ടിയെടുക്കാനുള്ളതല്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബേലൂര്‍ മഠത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ യുവജനങ്ങളില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് പലരും കുത്തിനിറയ്ക്കുന്നത്. ചിലര്‍ ഇതേക്കുറിച്ച് ബോധവാന്മാരാണ്. മറ്റു ചിലര്‍ അപവാദങ്ങളില്‍ വീണു പോകുന്നു. ഇവരെ പ്രതിപക്ഷം മുതലെടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം പാക്കിസ്ഥാനില്‍ ദുരിതം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കണമെന്ന് മഹാത്മാഗാന്ധിയടക്കം വിശ്വസിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസ്സിലാക്കാന്‍ തയാറല്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി കടന്നാക്രമിച്ചു. പശ്ചിമബംഗാള്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ മുന്‍കൈയെടുത്തു. ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി എന്നിവയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്കിയാല് ഉടന്‍ ജനങ്ങള്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി തുടങ്ങും. ഇതിന് സംസ്ഥാന നയരൂപകര്‍ത്താക്കള്‍ക്ക് ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ. എന്നാല്‍, പദ്ധതികളില്‍ നിന്ന് ഇവിടുള്ളവരെ നീക്കി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 75 ലക്ഷം പാവങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരതിലൂടെ സൗജന്യ ചികിത്സ ലഭിച്ചു. കിസാന്‍ നിധിയിലൂടെ എട്ട് കോടി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 43,000 കോടി രൂപ നല്കി. സിന്‍ഡിക്കേറ്റുകളോ ഇടനിലക്കാരോ ഇല്ലാത്തതിനാലാകാം ഇവ നടപ്പാക്കാന്‍ പലരും മടിക്കുന്നതെന്നും ബംഗാള്‍ സര്‍ക്കാരിനെ ഉന്നംവച്ച് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: