ആലപ്പുഴ: രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരെ നിശബ്ദരാക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആസൂത്രിത നീക്കം. ഇസ്ലാമിക തീവ്രവാദം പ്രതിപാദ്യമാകുന്ന വിഷയങ്ങളിലും ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും ചാനലുകളില്‍ നിഷ്പക്ഷ അഭിപ്രായം പറയുകയും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകര്ക്കെതിരെയാണ് സൈബര്‍ ആക്രമണം. ഒപ്പം സംഘപരിവാര്‍ ബന്ധമാരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണവും നടക്കുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ ജിഹാദി സ്ലീപ്പിങ് സെല്ലുകളാണ് ഇത്തരം പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തങ്ങള്‍ക്കെതിരേ ചാനലുകളില്‍ നിലപാട് സ്വീകരിക്കുന്നവരുടെ വിശ്വാസ്യത സമൂഹത്തില്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചകളുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കും. ഇത്തരം ദൃശ്യങ്ങള്‍ക്കു താഴെ വ്യക്തിയെ തേജോവധം ചെയ്യുന്ന കമന്റുകള്‍ കൂട്ടത്തോടെ ഇടുകയാണ് ഇവരുടെ ശൈലി. ഇതോടൊപ്പം സംഘിപ്പട്ടം ചാര്‍ത്തുകയും ചെയ്യുന്നതോടെ സംഘപരിവാര്‍ വിരുദ്ധത മുഖമുദ്രയാക്കിയ സിപിഎം അനുകൂല ഗ്രൂപ്പുകള്‍ പോസ്റ്റുകള്‍ ഏറ്റെടുത്ത് വൈറലാക്കും.
തുടര്‍ച്ചയായി ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ തുടരുന്നതോടെ ഒറ്റപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകന് പിന്‍വാങ്ങുന്നതോടെ ഇത്തരം ചാനല്‍ ചര്‍ച്ചകള്‍ അവസാനിക്കും. മാധ്യമ ചര്‍ച്ചകളില്‍ ശക്തമായ ഇസ്ലാം തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച പല നിരീക്ഷകരും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ മൂലം സമീപകാലത്തായി പിന്‍വലിഞ്ഞു.
വര്‍ഷങ്ങളായി ഇടതുരാഷ്ട്രീയ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തി പറഞ്ഞ ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇടതുമുഖങ്ങളായി പങ്കെടുക്കുന്ന യുവ നേതാക്കളില്‍ ഭൂരിഭാഗവും തീവ്രവാദ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ മുസ്ലിം വിരുദ്ധരും സംഘപരിവാര്‍ അനുകൂലികളുമാക്കും. നിഷ്പക്ഷ നിരീക്ഷകര്‍ക്കെതിരെയുള്ള ആയുധങ്ങളായി ജിഹാദി സ്ലീപ്പിങ് സെല്ലുകള്‍ സമൂഹമാധ്യമങ്ങളില്‍ സമീപകാലത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ട്രോള്‍ ഗ്രൂപ്പുകള്‍ വഴി കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തില്‍ പ്രചരിച്ച പല ട്രോളുകള്‍ക്കു പിന്നിലും ഇത്തരം നിശബ്ദ ശക്തികളാണ്.
സൈബര്‍ ആക്രമണം സംബന്ധിച്ച് നിയമ നടപടികളിലേക്ക് കടക്കാന്‍ ഭൂരിഭാഗം പേരും തയാറാകാത്തതാണ് സാമൂഹികമാധ്യമങ്ങളിലെ സംഘടിത അപകീര്‍ത്തിപ്പെടുത്തലുകള്‍ ശക്തിപ്പെടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: