മാവേലിക്കര: കളിയിക്കാവിള സംഭവവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ്. ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിജിപി ലോക്നാഥ് ബഹറയ്ക്ക് കൈമാറി. തന്ത്രപ്രധാന കേന്ദ്രങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ അടക്കം പ്രത്യേക നിരീക്ഷണം വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പത്തനംതിട്ട, കോട്ടയം എസ്പിമാര്‍ക്കും ശബരിമല, എരുമേലി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഡിജിപി നിര്‍ദേശം നല്കി.
ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഡിജിപിയുടെ ചേമ്പറില്‍ അടിയന്തര യോഗം കൂടി സുരക്ഷാ നടപടികള്‍ വിലയിരുത്തി. സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളില്‍ വിവിധ സൈനിക വിഭാഗങ്ങളെ വിന്യസിക്കും. ശബരിമല വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും, ദര്‍ശനത്തിന് ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു ഭീകരര്‍ കടന്നുകയറാന്‍ സാധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭക്തരുടെ വേഷത്തില്‍ ഭീകരരും ക്ഷേത്രത്തിലെത്തുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ ക്യാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിഷയത്തില്‍ തമിഴനാട്, കര്‍ണാടക പോലീസുമായി സംസ്ഥാന പോലീസ് മേധാവി സുരക്ഷാ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. തീവ്രവാദ-മാവോയിസ്റ്റ് വിഭാഗങ്ങളുടെ ഭീഷണി സാധ്യതയുള്ളതായി നേരത്തേ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള പോലീസ്, കേന്ദ്രസേനകളായ എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, കമാന്‍ഡോസ്, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് എന്നിവയില്‍ നിന്നുള്ളവരെ സുരക്ഷയ്ക്ക് ഒരുക്കും. സന്നിധാനം. വാവരുനട, പാണ്ടിത്താവളം, ബെയ്ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, കാനന പാത, തുടങ്ങിയ ഇടങ്ങള്‍ നിരീക്ഷണത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: