കൊച്ചി: മരടില്‍ പൊളിക്കാനായി അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ കൂടി ഇന്ന് തകര്‍ക്കും. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച എച്ച്ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്ളാറ്റുകള്‍ തകര്‍ത്തിരുന്നു. അതിനുപിന്നാലെ ഇന്ന് ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റ് കെട്ടിടങ്ങളാണ് ഇന്ന് പൊളിക്കുക.
ജെയിന് കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോള്‍ഡന്‍ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ജെയിന് കോറല്‍ കോവ് പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുന്‍പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുക.
രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. അതിനാല്‍ തന്നെ കഴിഞ്ഞദിവസത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല. അതേസമയം കനത്ത ജാഗ്രത തന്നെ ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റിന്റെ പരിസരങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.
ശനിയാഴ്ച നിശ്ചയിച്ചതില്‍ നിന്നും മിനിറ്റുകള്‍ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റില്‍ സ്ഫോടനം നടത്തിയത്. 11 ന് നിശ്ചയിച്ച സ്ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക് ശേഷം 11.18നാണ് എച്ച്ടുഒ തകര്‍ത്തത്. പിന്നാലെ 11.44ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറിന്‍ എന്ന ഫ്ളാറ്റ് സമുച്ചയവും നിശ്ചയിച്ചതുപോലെ കോണ്‍ക്രീറ്റ് കൂമ്പാരമായി നിലംപതിച്ചു.
ആശങ്കപ്പെട്ടതുപോലെ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും തകര്‍ക്കാന്‍ സാധിച്ചതോടെ ഞായറാഴ്ചത്തെ നടപടിയിലും അധികൃതര്‍ ആത്മവിശ്വാസത്തിലാണ്. രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കൂ.
10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവ് തകര്‍ന്ന് തരിപ്പണമാകും. ജെയ്ന്‍ കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്ഫോടനം നടത്തുക.
രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഒരു അങ്കണവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: