ന്യൂദല്‍ഹി: കേരളത്തില്‍ ഐസ് യോഗം ചേര്‍ന്നതായി പിടിയിലായ ഭീകരരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി പോലീസ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് ശക്തമായ അടിവേരുകള്‍ ഉള്ളതായും ദല്‍ഹി പോലീസ് വ്യക്തമാക്കി.
ഐഎസിന്റെ ശൃംഗല രാജ്യത്തിന്റെ പലഭാഗത്തായി വ്യാപിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കേരളം,തമിഴ്‌നാട്,മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നുവെന്ന് ചോദ്യം ചെയ്തപ്പോള്‍ അറസ്റ്റിലായ ഭീകരര്‍ വെളിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ഐസ് ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് ഐസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പിടിലായ മൂന്ന് ഐസ് ഭീകരരെ മഹാരാഷ്‌ട്രയിലേയും ഉത്തര്‍പ്രദേശിലേയും ഭീകര വിരുദ്ധ സേന കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക സംഘങ്ങള്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ദല്‍ഹി പോലീസ് ഊര്‍ജിതമാക്കിയതായും ഐസ് ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ഗുജറാത്തിലേക്കും അന്വേഷണ സംഘങ്ങളെ അയച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
















