മസ്‌കറ്റ്: ആധുനിക ഒമാന്റെ ശില്‍പി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞമാസമാണ് വിദഗ്ദ ചികില്‍സയ്‌ക്കുശേഷം ബെല്‍ജിയത്തു നിന്നും അദ്ദേഹം തിരിച്ചെത്തിയത്. മരണവാർത്ത ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടാൺ ഔദ്യോഗികമായി പുറത്തുവിട്ടത്.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ഷെയ്ഖ മസൂനയുടെയും മകനായി 1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. ഖാബൂസ് ബിന്‍ സഈദ് പ്രാഥമിക വിദ്യാഭ്യാസം പുനെയിലും ഉപരിപഠനം ഇംഗ്ലണ്ടിലുമായാണ് പൂര്‍ത്തീകരിച്ചത്. മുന്‍ ഇന്ത്യന്‍ രാഷ്‌ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇന്ത്യയുമായി സുല്‍ത്താന്‍ എന്നും പ്രത്യേക ബന്ധം പുലര്‍ത്തിയിരുന്നു. 1970 ജൂലൈ 23ന് ഒമാന്റെ ഭരണം ഏറ്റെടുത്ത സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 49 വര്‍ഷവും 5 മാസവും ഭരിച്ചു. ഒമാനെ ആധുനിക വല്‍ക്കരിക്കാന്‍ പ്രധാനപങ്കുവഹിച്ചത് ഇദ്ദേഹമാണ്.
ഒമാന് പ്രഖ്യാപിത കിരീടാവകാശി ഇല്ലാത്തതിനാല്‍ പുതിയ സുല്‍ത്താനെക്കുറിച്ച് യാതൊരു സൂചനയുമില്ല. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലാത്തതിനാല്‍ പുതിയ ഒമാന്‍ ഭരണാധികാരിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. അതേ സമയം ഒമാനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക അടുത്ത 40 ദിവസം ദുഖാചരണത്തിന്റെ ഭാഗമായി താഴ്‌ത്തിക്കെട്ടും.
















