കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ്-കേരള 2020 നിരാശാ സംഗമമായി. സംഗമനേട്ടം പറയാന്‍ മുഖ്യമന്ത്രി തലേന്ന് പ്രഖ്യാപിച്ച പത്രസമ്മേളനം ഇന്നലെ അവസാന മണിക്കൂറില്‍ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചേര്‍ത്ത സമാപന പ്രസംഗത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത്, നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രഖ്യാപന ഭാഗം ഒഴിവാക്കി. പ്രസംഗത്തില്‍ 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നിക്ഷേപക സമ്മേളനത്തില്‍ പുതിയ നിക്ഷേപ കരാറുണ്ടായില്ല. 164 നിക്ഷേപ താല്‍പ്പര്യങ്ങളും വാഗ്ദാനങ്ങളുമാണ് ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ഊഹക്കണക്കുകളും മനക്കണക്കുകളും പോലെ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കിടെ നടത്തിയ പരാമര്‍ശം സമ്മേളനത്തിന്റെ ഗൗരവമാകെ നഷ്ടമാക്കി. അസെന്‍ഡില്‍ രണ്ട് പ്രമുഖ വ്യവസായികളെ ക്ഷണിക്കാന്‍ മറന്നുവെന്നും തിരക്കിനിടെ കല്യാണം ക്ഷണിക്കാന്‍ മറന്നു പോകാറുള്ളതുപോ
ലെയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെടാത്ത അവരുടെ വാഗ്ദാനം കൂടി കണക്കിലെടുത്താല്‍ നിക്ഷേപ വാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട് പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപ സമൂഹത്തിലെ ഏതാനും പ്രതിനിധികളും ചേര്‍ന്നുള്ള യോഗം സര്‍ക്കാര്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ മേഖലയില്‍ നൈപു
ണ്യ പരിശീലനം ലക്ഷ്യമിട്ട് കോഴ്സുകളിലും സിലബസിലും മാറ്റം വരുത്തും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ഈ മാസം 21ന് സര്‍ക്കാര്‍ വിളിക്കും. യോഗത്തില്‍ അസെന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഡീഷ ശാസ്ത്രസാങ്കേതിക, ഐടി, കായിക വകുപ്പ് മന്ത്രി തുഷാര്‍കാന്തി ബെഹ്റ മുഖ്യാതിഥിയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, കെ. ബിജു വ്യവസായ വകുപ്പ് ഡയറക്ടര്‍, കെപിഎംജി ഇന്ത്യ ചെയര്മാന് അരുണ്‍ എം. കുമാര്‍, വ്യവസായികളായ എം.എ. യൂസഫലി, ഡോ. രവിപിള്ള തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: