കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇനിയുള്ള താത്കാലിക ഡ്രൈവര്‍മാരുടെ നിയമനം പോലും പിഎസ്സി ലിസ്റ്റില്‍ നിന്നു വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍മാരെ നിയമിച്ചപ്പോള്‍ പിഎസ്സി ലിസ്റ്റില്‍ നിന്നുള്ളവരെ ഒഴിവാക്കി പുറത്തു നിന്നുള്ളവരെയാണ് നിയമിച്ചതെന്നാരോപിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാല്‍ ഉള്‍പ്പെടെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
നിലവിലുള്ള താത്കാലിക ഡ്രൈവര്‍മാരുടെ പട്ടിക നല്‍കണമെന്നും പിഎസ്സി ലിസ്റ്റില്‍ നിന്നുള്ളവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ വേര്‍തിരിച്ച് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സര്‍വീസ് ഷെഡ്യൂളുകള്‍, എംപാനലുകാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് വെട്ടിക്കുറച്ച ഷെഡ്യൂളുകള്‍ തുടങ്ങിയവ വിശദീകരിക്കാനും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
എംപാനല്‍ ഡ്രൈവര്‍മാരെ ഹൈക്കോടതി ഉത്തരവനുസരിച്ച് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നെന്നും ശബരിമല സീസണ് തുടങ്ങിയതോടെ താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടി വന്നെന്നും ഹര്‍ജി പരിഗണിക്കവെ കെഎസ്ആര്‍ടിസി വിശദീകരിച്ചു.
ശബരിമല സീസണ് ആയതിനാല്‍ ജനുവരി 20 വരെ താത്കാലിക ജീവനക്കാരെ നിയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
എന്നാല്‍, താത്കാലിക ഡ്രൈവറായി ജോലി നോക്കാന്‍ പിഎസ്സി ലിസ്റ്റിലുള്ളവര്‍ തയാറായിരുന്നിട്ടും ഇവരെ ഒഴിവാക്കി താത്കാലിക നിയമനം നടത്തിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. തുടര്‍ന്നാണ് ഇവരുടെ വിവരങ്ങള്‍ നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: