എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാന പെരുമയില്‍ കൊണ്ടാടുന്ന അമ്പലപ്പുഴ- ആലങ്ങാട് ദേശക്കാരുടെ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച നടക്കും. മണികണ്ഠനായ അയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളല്‍. പാണനിലകളും വിവിധതരം ചായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാര്‍ ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കല്പത്തില് തുണിയില്‍ പച്ചക്കറി കെട്ടി കമ്പില്‍ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേര്‍ക്കാഴ്ചയാണ് പേട്ടതുള്ളല്‍.
മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് ആദ്യം. രാവിലെ 11 മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഭഗവാന്റെ സാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നതോടെയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളല്‍ ആരംഭിക്കുന്നത്.
അമ്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരും സംഘവും നേതൃത്വം നല്‍കും. ആലുവ മണപ്പുറത്തെ മഹാദേവന്റെ ക്ഷേത്രസന്നിധിയില്‍ നിന്നും അയ്യപ്പസ്വാമിയുടെ ചൈതന്യം ആവാഹിച്ച ഗോളകയും കൊടിയുമായി പിതൃസ്ഥാനീയരായ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളലാണ് രണ്ടാമത് നടക്കുന്നത്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളില്‍ തിടമ്പുമായി ശരീരമാസകലം ചന്ദനവും ഭസ്മവും പുരട്ടി ഉടുക്ക് കൊട്ടിന്റെ ഭക്തിലഹരിയില്‍ താളമേളത്തിന്റെ അകമ്പടിയില്‍ അരങ്ങേറുന്ന രണ്ടാമത്തെ പേട്ടതുള്ളലിന് അമ്പാടത്ത് എ.കെ. വിജയകുമാറും സംഘവും നേതൃത്വം നല്‍കും.
പേട്ട കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെടുന്ന അമ്പലപ്പുഴ പേട്ട, അയ്യപ്പന്റെ തോഴനായ വാവരെ കൂട്ടാനായി സമീപത്തെ പള്ളിയില്‍ കയറിയാണ് പേട്ടതുള്ളല്‍ തുടരുന്നത്. ആദ്യത്തെ പേട്ടയോടൊപ്പം വാവരും പോയി എന്ന വിശ്വാസത്തില്‍ ആലങ്ങാട് ദേശക്കാര്‍ പള്ളിയില്‍ കയറാതെയാണ് പോകുന്നത്. നാടിന്റെ ഐശ്വര്യത്തേയും സാഹോദര്യത്തേയും തൊട്ടുണര്‍ത്തുന്ന രണ്ടു ദേശക്കാരേയും ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും.
എരുമേലി ചന്ദനക്കുടം ഇന്ന്
എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുട ആഘോഷങ്ങള്‍ ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് പള്ളിയങ്കണത്തില്‍ നടക്കുന്ന ചന്ദനക്കുട ഘോഷയാത്ര സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചന്ദനക്കുട ഘോഷയാത്രയ്ക്ക് അകമ്പടിയായി ശിങ്കാരിമേളം, പൂക്കാവടി, കൊട്ടക്കാവടി, അമ്മന്‍ കുടം, ഇശല്‍ പൂരം,മാപ്പിളപാട്ട് ഷോ എന്നിവ നടക്കും. പരിപാടികള്‍ക്ക് ശേഷം ആരംഭിക്കുന്ന ചന്ദനക്കുട ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം 12ന് വെളുപ്പിന് സമാപിക്കും. ചന്ദനക്കുടത്തിനും നാളെ നടക്കുന്ന പേട്ടതുള്ളലിനും സുരക്ഷയൊരുക്കാന്‍ പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്, സെക്രട്ടറി നൈസാം പി.അഷറഫ്, ട്രഷറര്‍ നാസര്‍ പനച്ചി, വൈസ് പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, ഹക്കീം മാടത്താനി, അനസ് പ്ലാമൂട്ടില്‍, റസല്‍ സലിം, വി.പി. അബ്ദുള്‍ കരീം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: