ടെഹ്‌റാന്‍: ഉക്രെയ്‌ന്റെ വിമാനം തകര്‍ത്തത് ഇറാന്റെ ടോര്‍ മിസൈലെന്ന് കാനഡ. 176 യാത്രക്കാരടങ്ങുന്ന വിമാനം ആക്രമിച്ചത് ഇറാനാണെന്ന് നിരവധി കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം, തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇറാന്‍ രംഗത്തെത്തി.
കനേഡിയന്‍ പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും സര്‍ക്കാരുകള്‍ക്കോ വിമാനാപകടവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ തങ്ങളുടെ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ ഇറാനിയന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പ്രസ്താവനയിലൂടെ ആവശ്യപ്പെടുകയായിരുന്നു. അപകട കാരണം വിലയിരുത്താന്‍ ഉക്രെയ്‌ന്റെ വിദഗ്ധരെയും വിമാനക്കമ്പനി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കുന്ന ഇറാന്റെ ടോര്‍ മിസൈലാണ് വിമാനം തകര്‍ത്തതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാന്റെ പ്രവൃത്തി മനപ്പൂര്‍വമാകണമെന്നില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. സാങ്കേതിക തകരാറല്ല, ആരോ മനപ്പൂര്‍വമല്ലാതെ വരുത്തിയ പിഴവാകാം അപകടകാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ നടന്ന അതേദിവസമായിരുന്നു വിമാനം തകര്‍ന്ന് വീണത് എന്നതാണ് സംശയങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, സംഭവത്തില്‍ ഉക്രെയ്‌നും സ്വീഡനുമുള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















