ബെംഗളൂരു: കര്‍ണാടകയുടെ ഇന്‍-ചാര്‍ജ് സ്ഥാനത്തു നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മാറ്റുന്നു. വേണുഗോപാല്‍ ഇന്‍ചാര്‍ജായ ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തിലാണ് നടപടി. വേണുഗോപാലിനു പകരം അജയ്മാക്കനെയാണ് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് വേണുഗോപാല്‍ എത്തുന്നത്. പിന്നീട് വന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. ജെഡിഎസ്സുമായുള്ള അധികാരം പങ്കിടല്‍ പാര്‍ട്ടിക്ക് തീരാ നഷ്ടമായി.
കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആദ്യം നേരിട്ടത് 2018 മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അധികാര തുടര്‍ച്ച ഉറപ്പിച്ചായിരുന്നു പ്രചാരണം. ഇതിനായി ജാതി, മത ധ്രുവീകരണം, ന്യൂനപക്ഷ പ്രീണനം തുടങ്ങി എല്ലാ അടവുകളും പയറ്റി. എന്നാല്‍, ഫലം വന്നപ്പോള്‍ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 80 ലേക്ക് വീണു. പിന്നീട് ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം നല്കി ഭരണത്തില്‍ പങ്കാളിയായി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതായതോടെ കോണ്‍ഗ്രസിലെ 13 ഉള്‍പ്പെടെ 17 എംഎല്‍എമാര്‍ രാജിവച്ചു. ഇതോടെ സഖ്യ സര്‍ക്കാര്‍ നിലംപതിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന ധാരണയിലാണ് ജെഡിഎസ്സുമായി കൈകോര്‍ത്തത്. പക്ഷേ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 13 സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് വിജയിച്ചത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ദിനേശ്ഗുണ്ടുറാവുവും നിയമസഭാ കക്ഷി സ്ഥാനം സിദ്ധരാമയ്യയും രാജിവച്ചു. എന്നാല്‍, സ്ഥാനം ഒഴിയാന്‍ വേണുഗോപാല്‍ തയാറായില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ വേണുഗോപാലിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്തെ യഥാര്‍ഥ രാഷ്ട്രീയ ചിത്രം രാഹുലിനെ അറിയിക്കുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വേണുഗോപാല്‍ കോമാളിയാണെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ റോഷന്‍ബെയ്ഗ് പരസ്യമായി രംഗത്തെത്തി. ഇതിനെതിരെ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കിയില്ല.
സിദ്ധരാമയ്യ വിഭാഗം മാത്രമാണ് വേണുഗോപാലിനെ പിന്തുണയ്ക്കുന്നത്. എതിര്‍പ്പ് വര്‍ധിച്ചതോടെയാണ് വേണുഗോപാലിനെ ഒഴിവാക്കാന്‍ സോണിയ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: