കേപ്ടൗണ്‍: ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിന്റെ മികവില്‍ ഇംഗ്ലണ്ടിന് നാടകീയ വിജയം. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 189 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം 1-1.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ സ്‌റ്റോക്‌സ് 35 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്തതോടെയാണ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമായത്. 438 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അവസാന ദിവസം 248 റണ്‍സിന് ഓള്‍ ഔട്ടായി. പേസര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍ 18 ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റും ഡെന്‍ലി പതിനട്ട് ഓവറില്‍ 42 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി. 84 റണ്‍സ് കുറിച്ച ഓപ്പണര്‍ മാലാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഡു പ്ലെസിസ് 19 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 47 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 72 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ബെന്‍ സ്‌റ്റോക്‌സാണ് കളിയിലെ താരം.
സെഞ്ചുറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 107 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. മൂന്നാം ടെസ്റ്റ് 16 ന് പോര്‍ട്ട് എലിസബത്തില്‍ ആരംഭിക്കും.സ്‌കോര്‍ ഇംഗ്ലണ്ട് 269, എട്ട് വിക്കറ്റിന് 391. ദക്ഷിണാഫ്രിക്ക 223, 248.
















