ന്യൂദല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ഒമ്പതംഗ വിശാലഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം. ശാന്തനഗൗഡര്‍, ബി.ആര്‍. ഗവായ്, എസ്.അബ്ദുള് നസീര്‍, ആര്‍. സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റുഅംഗങ്ങള്‍. നേരത്തെ ശബരിമല യുവതി പ്രവേശം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്. നരിമാന്‍, ഖാന്‍ വില്‍ക്കര്‍ എന്നിവര്‍ ബെഞ്ചിലില്ല.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഈ മാസം 13 ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ചപ്പോള്‍ കേസ് അടിയന്തിരമായി കേള്‍ക്കുമെന്ന് പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ച് പരിഗണിക്കുമെന്നാണ് നവംബര്‍ 14ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഏഴിലേറെ ജഡ്ജിമാരുടെ ബെഞ്ചാകും ശബരിമല കേസ് പരിഗണിക്കാന് സാധ്യതയെന്ന് അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















