വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ ക്വദ്‌സ് സൈനിക മേധാവിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത ശക്തിയില്‍ ആക്രമിക്കുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്ക കഴിഞ്ഞ ദിവസം വധിച്ച ഖാസിം സുലൈമാനി നിരവധി തവണ അമേരിക്കന്‍ എംബസികള്‍ തകര്‍ത്തു. നൂറുകണക്കിന് പേരെ കൊന്നൊടുക്കി. ഇനിയും പല ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ടിരുന്നു. തങ്ങളുടെ ഭീകര നേതാവിനെ കൊലപ്പെടുത്തിയതിന് ചില അമേരിക്കന്‍ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നാണ് ഇറാന്‍ പറയുന്നത്.
ഇറാന്‍ ആക്രമിച്ചപ്പോള്‍ തങ്ങള്‍ തിരിച്ചടിച്ചു. ഇനി വീണ്ടുമൊരു ആക്രമണത്തിന് മുതിരരുത് എന്നാണ് എന്റെ ഉപദേശം. മുന്‍പത്തേക്കാള്‍ ശക്തമായ തിരിച്ചടിയാകും അവര്‍ നേരിടേണ്ടി വരിക. രണ്ട് ട്രില്ല്യണ്‍ ഡോളറാണ് സൈനിക ആയുധങ്ങള്‍ക്ക് വേണ്ടി അമേരിക്ക ചെലവഴിച്ചിരിക്കുന്നത്. തങ്ങളാണ് ലോകത്ത് ഏറ്റവും മികച്ചത്. അമേരിക്കയെയോ അമേരിക്കക്കാരെയോ ഇറാന്‍ ആക്രമിച്ചാല്‍ ഒരു മടിയും കൂടാതെ സുന്ദരമായ ആ അത്യാധുനിക ആയുധങ്ങളില്‍ ചിലത് അവര്‍ക്ക് നേരെ പ്രയോഗിക്കും. ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ 52 അമേരിക്കക്കാരെ ഒരു വര്‍ഷത്തോളം തടവിലാക്കിയിരുന്നു. അവരെ പ്രതിനിധീകരിക്കുന്ന തരത്തില്‍ ഇറാന്റെ 52 തന്ത്രപ്രധാനയിടങ്ങള്‍ അമേരിക്ക ലക്ഷ്യം വച്ചു കഴിഞ്ഞു. അതില്‍ ചിലത് ഇറാനെയും ഇറാനിയന്‍ സംസ്‌കാരത്തെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടവയാണ്. ഇറാനു മേലുള്ള അമേരിക്കയുടെ ആക്രമണം വളരെ പെട്ടെന്നും ശക്തവുമായിരിക്കും, ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
















