ടെഹ്റാന്: പശ്ചിമേഷ്യയിലെ നിഴല്‍ യുദ്ധങ്ങളില്‍ ഖാസിം സുലൈമാനിക്കൊപ്പം നിഴല്‍ പോലെ കൂടെ നിന്ന ഇസ്മൈല്‍ ഖാനി ഇനി ക്വദ്സ് സേനയെ നയിക്കും. അയത്തുള്ള അലി ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഒന്നേകാല്‍ ലക്ഷം പേരടങ്ങിയ അര്‍ധസൈനിക സംഘടനയായ റെവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമാണ് ക്വദ്സ് സേന. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ദൗത്യങ്ങളടക്കം നിയന്ത്രിക്കുന്ന ശക്തമായ സേനയാണിത്.
1980കളില്‍ ഇറാഖുമായി എട്ട് വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ മുന്‍ഗാമി ഖാസിം സുലൈമാനിയെ പോലെ ഇസ്മൈല്‍ ഖാനിയും പങ്കെടുത്തു. പിന്നീട് ക്വദ്സ് സേനയില്‍ ചേര്‍ന്നു. 62കാരനായ ഖാനി ഏറെക്കാലമായി സേനയുടെ പ്രധാന പദവികള്‍ വഹിച്ചു വരികയാണ്. തന്റെ ദീര്‍ഘകാല സുഹൃത്തായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കയോട് പകരം ചോദിക്കുകയായിരിക്കും ഖാനിയുടെ കര്‍മപദ്ധതിയില്‍ ആദ്യം.
താനും സുലൈമാനിയും യുദ്ധമെന്ന അമ്മയുടെ രണ്ട് മക്കളാണ്. യുദ്ധക്കളത്തിലെ ചങ്ങാതിമാരായ ഞങ്ങള്‍ ചങ്ങാത്തം കൂടിയത് പോലും യുദ്ധക്കളത്തില്‍ വച്ചാണ്, ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇസ്മൈല്‍ ഖാനി ഒരിക്കല്‍ നല്കിയ മറുപടിയാണിത്. സുലൈമാനിക്ക് പകരക്കാരനായി പ്രഖ്യാപിക്കവെ അയത്തുള്ള ഖൊമേനി, ഖാനിയെ അഭിസംബോധന ചെയ്തത് ഇറാനു വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും മികച്ച കമാന്‍ഡര്‍മാരില്‍ ഒരാള്‍ എന്നാണ്്.
ലോകം ഏറെ ചര്‍ച്ച ചെയ്തയാളാണ് സുലൈമാനിയെന്നിരിക്കെ ഇറാനിയന്‍ മാധ്യമങ്ങള്‍ക്ക് പോലും ഖാനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സുലൈമാനിയുടെ പിന്നില്‍ നിന്നായിരുന്നു ഖാനിയുടെ നീക്കങ്ങള്‍ എന്നതാണ് കാരണം. ഇറാന്റെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സുലൈമാനിയുടെ പ്രവര്‍ത്തനം. എന്നാല്‍, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങി കിഴക്കന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഖാനി പ്രവര്‍ത്തിച്ചിരുന്നത്. ക്വദ്സ് സേനയുടെ നിഴല്‍ യുദ്ധങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ അമേരിക്കന്‍ ട്രഷറി ഖാനിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
















