മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനവും കേരളത്തിന് രണ്ട് സ്വര്‍ണം. രണ്ടും നേടിയത് കാലിക്കറ്റ് സര്‍വകലാശാല.
പുരുഷന്മാരുടെ ഡക്കാത്ത്ലണില്‍ സല്മാന് ഫാരിസും 4-400 മീറ്റര്‍ മിക്സഡ് റിലേയിലുമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വര്‍ണ നേട്ടം. കൂടാതെ ഒരു വെള്ളിയും മൂന്ന് വെങ്കലവും കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകള്‍ നേടി. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം 16 ആയി. രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവുമാണ് കേരളയുടെ അക്കൗണ്ടില്‍. രണ്ടു വെള്ളിയും ആറു വെങ്കലവുമാണ് എംജിക്കുള്ളത്. കാലിക്കറ്റിന് രണ്ടു വീതം സ്വര്‍ണവും വെള്ളിയും.
മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ മംഗളൂരു യൂണിവേഴ്സിറ്റി കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. 127 പോയിന്റാണ് അവര്‍ക്കുള്ളത്. 70 പോയിന്റുമായി മദ്രാസ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്ത്. 47 പോയിന്റുമായി എംജി സര്‍വകലാശാലയാണ് മൂന്നാം സ്ഥാനത്ത്. ആറാം സ്ഥാനത്തുള്ള കാലിക്കറ്റിന് 36 പോയിന്റാണ്.18 പോയിന്റോടെ 10 സ്ഥാനത്താണ് കേരള യൂണിവേഴ്സിറ്റി.
ഇന്നലെ രണ്ട് റെക്കോഡുകള്‍ പിറന്നു. പുരുഷന്മാരുടെ 5000 മീറ്ററിലും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് റെക്കോഡുകള്‍. വനിതകളുടെ ഹെപ്റ്റാത്തലണില്‍ കോട്ടയം എംജിയുടെ മരിയ തോമസ് 4492 പോയിന്റ് നേടി വെങ്കലം കരസ്ഥമാക്കി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് വിദ്യാര്‍ഥിനിയാണ്. ഫഗ്വാര ലൗവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ സോനു കുമാരി സ്വര്‍ണം നേടി. മംഗളൂരു സര്‍വകലാശാലയുടെ റിംപി ദബാസ് വെള്ളിയും നേടി. ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്ന് 11 ഫൈനലുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: