ബാഗ്ദാദ്: ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോംജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് വലിയ യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതിന് വ്യക്തമായ സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന്‍ ഹസന്‍ ഇത് വലിയ യുദ്ധത്തിന്റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെ അമേരിക്കയെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായിട്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് ജനറല്‍ കാസിം സൊലേമാനി ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടുത്ത ബന്ധമുള്ള ഇറാഖിലെ അബു മഹ്ദി അല്‍ മുഹന്ദിസിനും മറ്റ് ശക്തരായ സൈനിക നേതാക്കള്‍ക്കും നല്‍കിയിരുന്നതായി ബഹ്‌റൈന്‍ ടാബ്ലോയിഡായ ‘ജിഡിഎന്‍ ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ പകുതിയോടെ സൊലേമാനി തനിക്ക് സഖ്യമുള്ള ഇറാഖി ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ടൈഗ്രിസ് നദീതീരത്തെ ഒരു വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
















