വാദം സമ്പന്നരും ദരിദ്രരും തമ്മിലായിരുന്നു. മലിന വാതകങ്ങള്‍ പുറത്തുവിട്ട് ഭൂമിയെ ചുട്ടുകൊല്ലുന്നത് തടയണമെന്ന് ദരിദ്രരാജ്യങ്ങള്‍. ലാഭം വിട്ട് മറ്റൊരു കളിയുമില്ലെന്ന് സമ്പന്നരാജ്യങ്ങള്‍. രണ്ടാഴ്ച നീണ്ടുനിന്ന വാദപ്രതിവാദത്തില്‍ ജയിച്ചത് പതിവിന് പടി സമ്പന്നര്‍. ഭൂമിയിലെ ചൂട് തെല്ലും കുറയ്ക്കാതെ പ്രകൃതിയെ ചുട്ടുപൊരിക്കുന്നത് തുടരാന്‍ തന്നെയായിരുന്നു അവസാന തീരുമാനം. അങ്ങനെ കാലാവസ്ഥാ ഉച്ചകോടി പൊളിഞ്ഞു. 200ല്‍ പരം രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ രണ്ടാഴ്ച നടത്തിയ തീവ്രശ്രമമാണ് വൃഥാവിലായത്. കാലാവസ്ഥാ മാറ്റത്തിന്റെ കെടുതിയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് മാഡ്രിഡില്‍ ചേര്‍ന്ന 25-ാമത് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി (രീു.25) അങ്ങനെ ജലരേഖയായി പരിണമിച്ചു. ഉച്ചകോടിയില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാരൊക്കെ മണ്ടന്മാരായി.
ക്രമം തെറ്റിയെത്തുന്ന മഹാമാരിയും, പൊട്ടിമുളയ്ക്കുന്ന ചുഴലിക്കാറ്റുകളും, ആളിപ്പടരുന്ന അജ്ഞാത രോഗങ്ങളും, വരണ്ടുകീറുന്ന ഭൂമിയും മുന്നറിയിപ്പുകള്‍. അതിന് കാരണം ആഗോളതാപനമാണെന്നും, അതിനു പിന്നില്‍ കാര്‍ബണ്‍ഡൈഓക്സൈഡ് അടക്കമുള്ള മലിനവസ്തുക്കളുടെ അമിതമായ ഉല്സര്ജനമാണെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതന്നു. ആ തിരിച്ചറിവില്‍ നിന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ ഉച്ചകോടികള്‍ തുടങ്ങിയത്. അങ്ങനെ ഇതുവരെ കഴിഞ്ഞത് 25 ഉച്ചകോടികള്‍.
രണ്ട് ലക്ഷ്യങ്ങളായിരുന്നു മാഡ്രിഡിലെ ഉച്ചകോടിയിലുണ്ടായിരുന്നത്. 2015-ല്‍ നടന്ന പാരീസ് ഉച്ചകോടിയില്‍ തീരുമാനിച്ചതനുസരിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉല്‍സര്‍ജനം കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നത് ആദ്യ ലക്ഷ്യം. അങ്ങനെ ഭൂമിയുടെ ശരാശരി ഊഷ്മാവ് ഒന്നര ഡിഗ്രി വരെ കുറച്ചുകൊണ്ടുവരിക. അതിലൂടെ ഭൂമണ്ഡലത്തെ നാശത്തില്‍ നിന്ന് രക്ഷിക്കുക. രണ്ടാമത്തെ ലക്ഷ്യം ആഗോളാടിസ്ഥാനത്തില്‍ സുതാര്യമായ കാര്‍ബണ്‍ മതിപ്പ് കൈമാറ്റ (കാര്‍ബണ്‍ ക്രഡിറ്റ്) സമ്പ്രദായം നടപ്പില്‍ വരുത്തുകയെന്നത്. അതായത് അമിതമായി മലിനവാതകങ്ങള്‍ പുറത്തുവിടുന്ന വ്യാവസായിക രാജ്യങ്ങള്‍ക്ക് തീരെ മലിന വാതകങ്ങള്‍ പുറത്തുവിടാത്ത രാജ്യങ്ങളില്‍നിന്ന് ‘കാര്‍ബണ്‍ മതിപ്പ്’ പ്രതിഫലം നല്കി സ്വന്തമാക്കാനുള്ള സൗകര്യം. അതിലൂടെ കാര്‍ബണ്‍ ഉല്‍സര്‍ജനം തന്നെ കുറയ്ക്കുന്ന ദരിദ്ര്യരാജ്യങ്ങള്‍ക്ക് സാമ്പത്തിക മെച്ചവും ലഭിക്കും. സമ്പന്നര്ക്കാവട്ടെ തങ്ങളുടെ ഉല്‍സര്‍ജന തോതില്‍ കുറവ് അവകാശപ്പെടുകയും ചെയ്യാം.
പക്ഷേ ഒന്നും നടന്നില്ല. അടുത്തവര്‍ഷം ഗ്ലാസ് ഗോയില്‍ നടക്കാനിരിക്കുന്ന 26-ാമത് ഉച്ചകോടിക്കു മുന്‍പായി ഉല്‍സര്‍ജനം വെട്ടിക്കുറയ്ക്കാനുള്ള നടപടികളെ പ്രോത്സാഹിപ്പിക്കാനോ ആയതിന് പ്രതിഫലം നല്‍കാനുള്ള ചട്ടക്കൂട് ഉറപ്പാക്കാനോ മാഡ്രിഡ് ഉച്ചകോടിക്ക് കഴിഞ്ഞില്ല. കാലാവസ്ഥാ മാറ്റം മൂലം കഷ്ടത അനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചതാണ് ഒരേ ഒരു രജതരേഖ. പക്ഷേ അതിനുവേണ്ടി ഒരു നയാപൈസപോലും മാറ്റിവയ്ക്കാന്‍ അവര്‍ തയ്യാറായതുമില്ല. അതുകൊണ്ടാവാം സമ്മേളനത്തിനൊടുവില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇങ്ങനെ പറഞ്ഞത്- ”ഞാന്‍ നിരാശനാണ്. അന്തര്‍ദേശീയ സമൂഹം ഭൂഗോളത്തെ രക്ഷിക്കാനുള്ള ഒരു അവസരംകൂടി കളഞ്ഞുകുളിച്ചു.”
സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ചിലി പരിസ്ഥിതി മന്ത്രി കരോലിന ഷ്മിറ്റിനും നിരാശ അടക്കാനായില്ല- ”നാം വലിയ അപകടത്തിന്റെ വക്കത്താണ്. സൂക്ഷിക്കണം.”
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉച്ചകോടിയുടെ ചുറ്റുവട്ടങ്ങളെ സമ്പന്നമാക്കി. ആദിവാസികള്‍, ഗോത്രവര്‍ഗക്കാര്‍, യുവാക്കള്‍, ഗ്രെറ്റ തുണ്‍ബര്‍ഗ് അടക്കമുള്ള കുട്ടികള്‍ തുടങ്ങിയവര്‍. പാരീസ് കരാറില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചുവെങ്കിലും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തിലെത്തിയ 15 അംഗ കോണ്‍ഗ്രസ്സ് സംഘം ഏറെ ശ്രദ്ധിക്കപ്പെട്ടു. മണിപ്പൂരിലെ ഇംഫാലിനടുത്ത് ബാഷികോങ് ഗ്രാമത്തില്‍ നിന്നെത്തിയ ലിസിപ്രിയ എന്ന എട്ടുവയസ്സുകാരിയും ഉച്ചകോടിയെ ആകര്‍ഷകമാക്കി. തന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് അഥവാ കാര്‍ബണ്‍ പാദമുദ്ര (അന്തരീക്ഷത്തിലേക്ക് മലിനവാതകങ്ങള്‍ ഉല്സര്ജിക്കാതിരിക്കാനുള്ള സംഭാവന) ഒഴിവാക്കുന്നതിനായി തീവണ്ടിപിടിച്ച് സമ്മേളനത്തിനെത്തിയ നോര്‍വെയുടെ കാലാവസ്ഥാ മന്ത്രിയും ജനശ്രദ്ധ പിടിച്ചുപറ്റി.
ലോകത്തെ ഏറ്റവും വലിയ മലിനീകാരികളായ അമേരിക്കയും ചൈനയും മുതല്‍ ബ്രസീലും സൗദി അറേബ്യയും വരെ ഗ്രീന്‍ഹൗസ് കാരണക്കാരായ മലിന വാതകങ്ങളുടെ ഉല്‍സര്‍ജനം വെട്ടിക്കുറയ്ക്കുന്നതിനെ എതിര്‍ത്തു. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതോടെ ഉടമ്പടിയുടെ കരുത്ത് ചോര്‍ന്നതായി ഉച്ചകോടിയിലെ പല പ്രതിനിധികളും പരിതപിച്ചു. പക്ഷേ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ പൊതുവെ നിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതിനെ പിന്തുണച്ചു. കാര്‍ബണ്‍ മതിപ്പ് കൈമാറ്റം നടത്താന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. മലിനവാതക നിര്‍ഗമനം കുറയ്ക്കുന്ന കാര്യത്തില്‍ ഭാരതത്തിന്റേത് സുദൃഢമായ നിലപാടാണ്. വാതക നിര്‍ഗമനം സ്വയം കുറച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ശുദ്ധമായ സാങ്കേതികവിദ്യയിലേക്ക് ചുവടുമാറ്റാന്‍ സമ്പന്നരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്നതാണ് രാജ്യത്തിന്റെ നിലപാട്.
അവികസിത-വികസ്വര രാജ്യങ്ങളുടെയും നിലപാട് ഇതുതന്നെ. പരിസ്ഥിതിയുടെ പേരില്‍ തങ്ങളുടെ സാങ്കേതിക വികസനത്തെ, സമ്പന്ന രാജ്യങ്ങള്‍ മൂക്ക് കയറിടാന്‍ ശ്രമിക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. വികസനം തങ്ങളുടെയും അവകാശമാണ്. അതിന് പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സാങ്കേതിക വിദ്യ നല്കി സഹായിക്കാനുള്ള സാധ്യത ഭൂമിയെ മലിനീകരിച്ച സമ്പന്നരാജ്യങ്ങള്‍ക്കു തന്നെയാണ്. അതിന് ചുരുങ്ങിയത് 100 ബില്യണ്‍ ഡോളറെങ്കിലും വേണം.
ഇതൊന്നും കേട്ട് അമേരിക്കയും ചൈനയും കുലുങ്ങില്ല. ലോകത്തിലെ ഏറ്റവും വലിയ മലിനീകാരിയായ ചൈന കല്‍ക്കരി അടിസ്ഥാനമായുള്ള നിരവധി താപനിലയങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. ആര്‍ക്കു വേണമെങ്കിലും നിര്‍മിച്ചുകൊടുക്കാനും അവര്‍ തയ്യാര്‍. ഒബാമയുടെ ഭരണകാലത്ത് കൊണ്ടുവന്ന ഉല്‍സര്‍ജന നിയന്ത്രണ ചട്ടങ്ങള്‍ ചുരുട്ടിക്കെട്ടുന്ന തിരക്കിലാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം.
പക്ഷേ, മലിനവാതകങ്ങള്‍ അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഗ്രീന്‍ഹൗസ് ആപത്ത് കൂടുന്നു. കൂടുന്ന ചൂടില്‍ പ്രകൃതിയുടെ താളം തെറ്റുന്നു. ദ്വീപുകള്‍ വെള്ളപ്പൊക്ക ഭീഷണിയെ നേരിടുന്നു. ലോകത്തെ മലിനീകരിക്കുന്നവരും അതിന്റെ ദോഷം അനുഭവിക്കുന്നവരും തമ്മിലുള്ള വിടവ് അനുനിമിഷം വര്‍ധിച്ചുവരികയാണ്. അതിനിടെ നമുക്ക് ചെയ്യാനുള്ളത് ഇത്രമാത്രം-മലിന വാതകങ്ങളുടെ ഉല്‍സര്‍ജനം തടയാന്‍ സ്വയം തീരുമാനിക്കുക. സ്വന്തം ജീവിതത്തിലും, കുടുംബത്തിലും സമൂഹത്തിലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: